ആലുവ: മോഷ്ടിച്ച ബൈക്കിൽ അമിതവേഗത്തിൽ കറങ്ങി നടന്ന രണ്ട് പതിനാറുകാരും ഒരു പതിന്നാലുകാരനും ആലുവ പൊലീസിന്റെ പിടിയിലായി. കഴിഞ്ഞ 20നാണ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ചേന്ദമംഗലം സ്വദേശി അനുഭാസിയുടെ ബൈക്ക് ഇവർ മോഷ്ടിച്ചത്. 16കാർ ബൈക്ക് തള്ളിക്കൊണ്ടുപോയി വർക്ക് ഷോപ്പിൽ എത്തിച്ചു. വർക്ക് ഷോപ്പ് മെക്കാനിക്കായ 14കാരൻ നമ്പർ പ്ലേറ്റ് തിരുത്തുകയും പുതിയ കീസെറ്റ് സ്ഥാപിച്ച് ബൈക്കിന് രൂപ മാറ്റം വരുത്തുകയും ചെയ്തു. തുടർന്ന് ബൈക്ക് ഇവർ ഉപയോഗിച്ച് വരികയായിരുന്നു.

മോഷ്ടാക്കളെ പിടികൂടുന്നതിന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നിർദ്ദേശാനുസരണം പ്രത്യേക ടീം രൂപീകരിച്ച് അന്വേഷിക്കുന്നതിനിടയിലാണ് ഇവർ പിടിയിലായത്. അന്വേഷണ സംഘത്തിൽ എസ്.എച്ച്.ഒ എൽ. അനിൽകുമാർ, എസ്.ഐമാരായ എം.എസ്. ഷെറി, കെ. ജോണി, സി.പി.ഒ.മാരായ മുഹമ്മദ് അമീർ, മാഹിൻ ഷാ അബൂബക്കർ, എച്ച്. ഹാരിസ് എന്നിവരാണ് ഉണ്ടായിരുന്നത്.