
കൊച്ചി: ലോകായുക്ത അന്വേഷണ സ്വഭാവമുള്ള സംവിധാനമാണെന്നും കോടതിയോ ട്രൈബ്യൂണലോ അല്ലെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ലോകായുക്ത നിയമ ഭേദഗതി ഓർഡിനൻസ് ജുഡിഷ്യറിയുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമല്ലെന്ന് സർക്കാരിനു വേണ്ടി വിജിലൻസ് വകുപ്പ് അഡി. സെക്രട്ടറി ടി. മിനിമോൾ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ഓർഡിനൻസിനെതിരെ തിരുവനന്തപുരം നേമം സ്വദേശി ആർ.എസ്. ശശികുമാർ നൽകിയ ഹർജിയ്ക്കുള്ള മറുപടിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന് മറുപടി നൽകാൻ ഹർജിക്കാരൻ സമയം തേടിയതിനെത്തുടർന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി മാർച്ച് 22 ലേക്ക് മാറ്റി.
സത്യവാങ്മൂലത്തിൽ പറയുന്നത്
 ലോകായുക്ത നിയമത്തിലെ 12-ാം വകുപ്പനുസരിച്ച് ലോകായുക്തയും ഉപലോകായുക്തയും നൽകുന്ന റിപ്പോർട്ടുകൾ ശുപാർശ സ്വഭാവത്തിലുള്ളതാണ്. എന്നാൽ 14-ാം വകുപ്പിലെ ഒന്നാം സബ് സെക്ഷൻ ഈ റിപ്പോർട്ടുകൾ അംഗീകരിക്കാൻ ഭരണാധികാരികളെ നിർബന്ധിക്കുന്നതാണ്. ഈ വൈരുദ്ധ്യം പരിഹരിക്കാനാണ് നിയമഭേദഗതി കൊണ്ടുവന്നത്.
 ഒരു പൊതുസേവകനെതിരെ പരാതി നിലനിൽക്കുമെന്ന് ലോകായുക്ത റിപ്പോർട്ട് നൽകിയാൽ അയാൾക്ക് പദവിയിൽ തുടരാനാകുമായിരുന്നില്ല. മറ്റു സംസ്ഥാനങ്ങളിലൊന്നും ഇത്തരമൊരു വ്യവസ്ഥയില്ല. അതിൽ ഭേദഗതി അനിവാര്യമായി.
 ലോകായുക്ത നിയമഭേദഗതിക്ക് രാഷ്ട്രപതിയുടെ മുൻകൂർ അനുമതി വേണമെന്ന വാദം ശരിയല്ല. നിയമം സംസ്ഥാന പരിധിയിലുള്ളതായതിനാൽ രാഷ്ട്രപതിയുടെ അനുമതി ആവശ്യമില്ല.
 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം നൽകുന്നതിൽ രാഷ്ട്രീയ പക്ഷഭേദമാരോപിച്ച് ഹർജിക്കാരൻ ലോകായുക്തയിൽ പരാതി നൽകിയിരുന്നു. ഇതാണ് നിയമഭേദഗതിക്ക് അടിസ്ഥാനമെന്ന വാദം ഭാവനാസൃഷ്ടി മാത്രമാണ്. ഈ പരാതി ലോകായുക്ത പരിഗണിക്കുന്നതിന് നിയമഭേദഗതി തടസമല്ല.