theft
മുപ്പത്തടം മുതുകാട് ക്ഷേത്ര ഭണ്ഡാരം തകർത്ത നിലയിൽ

ആലുവ: എടയാർ മേഖലയിൽ ഒറ്റ രാത്രിയിൽ നാല് ക്ഷേത്രങ്ങളിൽ ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച. കൗമാരക്കാർ ഉൾപ്പെടെയുള്ള മൂന്ന് പേരുടെ സി.സി ടി.വി ദൃശ്യം പൊലീസിന് ലഭിച്ചു.

മുപ്പത്തടം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, മുതുകാട് ഭഗവതി ക്ഷേത്രം, ചിറ്റുകുന്ന് ഹരിഹര ക്ഷേത്രം, എടയാർ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലാണ് ഇന്നലെ പുലർച്ചെ ഒരു മണിക്ക് ശേഷം മോഷണം നടന്നത്. ഭണ്ഡാരങ്ങളുടെ പൂട്ട് കമ്പി ഉപയോഗിച്ച് പൊട്ടിച്ചാണ് പണം കവർന്നത്. മുതുകാട് ക്ഷേത്രത്തിലും മുപ്പത്തടം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലും നാലമ്പലത്തിന്റെ വശങ്ങളിലെ വാതിൽ കുത്തിത്തുറന്ന് മോഷ്ടാക്കൾ അകത്തുകയറി. മുതുകാട് ഭഗവതിയുടെയും മഹാദേവന്റെയും ഉപദേവതകളുടെയും നടയ്ക്കലുള്ള അഞ്ചു ഭണ്ഡാരങ്ങൾ കവർന്നു. ക്ഷേത്രത്തിന് അകത്തും പുറത്തുമുള്ള സി.സി ടി.വിയിൽ മോഷ്ടാക്കളുടെ ചിത്രമുണ്ട്. മൂന്ന് സി.സി.ടി.വികൾ നശിപ്പിച്ചു. ഭഗവതിയുടെ ശ്രീകോവിൽ കുത്തിത്തുറന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.

മുപ്പത്തടം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പ്രധാന കാണിക്ക വഞ്ചിയുൾപ്പെടെ നാല് ഭണ്ഡാരങ്ങൾ തകർത്തു. ചിറ്റുകുന്ന് ക്ഷേത്രത്തിൽ അഞ്ചും എടയാർ ഭഗവതി ക്ഷേത്രത്തിൽ മൂന്നും ഭണ്ഡാരങ്ങൾ കവർന്നു. മുപ്പത്തടം കവലയിലെ ബിനാനിപുരം പൊലീസിന്റെയും സഹകരണ ബാങ്കിന്റെയും നിരീക്ഷണ കാമറകളിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. മോഷ്ടാക്കൾ രണ്ടു പേരടങ്ങുന്ന ചെറു സംഘങ്ങളായി പിരിഞ്ഞാണ് മോഷണം നടത്തിയതെന്നു കരുതുന്നു.

ബിനാനിപുരം ഇൻസ്‌പെക്ടർ വി.ആർ. സുനിൽ, സബ് ഇൻസ്‌പെക്ടർ ടി.കെ. സുധീർ എന്നിവരുടെ നേതൃത്വത്തിൽ മോഷണം നടന്ന ക്ഷേത്രങ്ങളിൽ എത്തി തെളിവെടുത്തു. വിരലടയാളങ്ങളും ശേഖരിച്ചു.