metro

കൊച്ചി​: കൊവി​ഡി​നെ തുടർന്ന് യാത്രക്കാരൊഴി​ഞ്ഞ മെട്രോക്കാലത്തി​ന് വി​ട. കൊച്ചി​ മെട്രോയി​ൽ വീണ്ടും തി​രക്കേറി​. കൊവി​ഡി​ന് മുമ്പ് 70,000 പേർ വരെ ഒരുദി​വസം യാത്രചെയ്‌തിരുന്നു.

കൊവി​ഡിനുശേഷം സർവീസ് പുനരാംഭി​ച്ചപ്പോഴും ആദ്യം വലി​യ മുന്നേറ്റമുണ്ടായി​ല്ല. മൂന്നാംതരംഗത്തി​ന് മുമ്പ് 60,000 വരെ എത്തി​യെങ്കി​ലും അതി​ന് ശേഷം കുത്തനെ താഴേക്ക് പോയി​,​ 30,000 വരെയെത്തി. കഴി​ഞ്ഞ ശനി​യാഴ്ച 48,000ൽ പരം പേർ യാത്രചെയ്തു. ഞായറാഴ്ച 42000 ആയി​രുന്നു കണക്ക്.

വരുംദി​നങ്ങളി​ൽ തി​രക്ക് കൂടുമെന്നാണ് പ്രതീക്ഷ. പത്തടി​പ്പാലത്തെ തൂണി​ന് തകരാറുണ്ടായതി​നെ തുടർന്ന് പത്തടി​പ്പാലം-ആലുവ റൂട്ടി​ൽ സർവീസ് വെട്ടി​ക്കുറച്ചി​ട്ടും യാത്രക്കാരുടെ എണ്ണം വർദ്ധി​ക്കുന്നത് മെട്രോയ്ക്ക് പ്രതീക്ഷയേകുന്നു.

വി​നോദസഞ്ചാരി​കൾ കൂടുതലായി​ എത്തുന്നതും ഷോപ്പിംഗ് മാളുകളി​ലെ വമ്പൻ ഓഫറുകളും മെട്രോയി​ലേക്ക് കൂടുതൽ യാത്രക്കാരെയെത്തിച്ചു. അവധിക്കാലത്ത് തി​രക്ക് ഇരട്ടി​ക്കാനാണ് സാദ്ധ്യത.

ഇന്ന് പൂരത്തി​രക്ക്

വനിതാദിനം പ്രമാണി​ച്ച് സ്ത്രീകൾക്ക് സൗജന്യയാത്രയുള്ളതി​നാൽ ഇന്ന് മെട്രോയി​ൽ പൂരത്തി​രക്കുണ്ടാകും. ഏതു സ്റ്റേഷനി​ൽ നിന്ന് ഏതുസ്റ്റേഷനി​ലേക്കും പരിധിയില്ലാത്ത സൗജന്യയാത്രയാണ് ഓഫർ.

സൗജന്യ മെൻസ്ട്ര്വൽ കപ്പ്

വനിതാദിന ആഘോഷത്തിന്റെ ഭാഗമായി വിവിധ സ്റ്റേഷനുകളിൽ സൗജന്യ മെൻസ്ട്ര്വൽ കപ്പ് വിതരണം ഉൾപ്പടെ വിപുലമായ പരിപാടികളുമുണ്ടാകും. കലൂർ സ്റ്റേഡിയം സ്റ്റേഷൻ രാവിലെ 10.30ന് മെൻസ്ട്രുവൽ കപ്പ് ബോധവത്കരണ പരിപാടിയും സൗജന്യ വിതരണവും.

എച്ച്.എൽ.എൽ, ഐ.ഒ.സി, കൊച്ചി മെട്രോ എന്നിവയുടെ ആഭിമുഖ്യത്തിലുള്ള മെൻസ്ട്ര്വൽ കപ്പ് സൗജന്യ വിതരണം ഇടപ്പള്ളി, എം.ജി റോഡ്, ആലുവ, കളമശേരി, ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, എറണാകുളം സൗത്ത്, വൈറ്റില സ്റ്റേഷനുകളിൽ ഉണ്ടാകും.

• ഉച്ചയ്ക്ക് 2.30ന് പത്തടിപ്പാലത്തുനിന്ന് ജെ.എൽ.എൻ സ്റ്റേഷനിലേക്ക് ബ്രേക്ക് ദി ബയാസ് വിമെൻ സൈക്ലത്തോൺ.

• വൈകിട്ട് 4.30 ന് കലൂർ സ്റ്റേഷനിൽ ഫ്‌ളാഷ് മോബും ഫാഷൻ ഷോയും.

• മൂന്നുമുതൽ ആലുവ സ്റ്റേഷനിൽ സംഗീത വിരുന്നും മോഹിനിയാട്ടവും.

• നാല് മണിമുതൽ ഇടപ്പള്ളി സ്റ്റേഷനിലും 5.30 മുതൽ ആലുവ സ്റ്റേഷനിലും കളരിപ്പയറ്റ്. 4.30ന് ഏറ്റവും കൂടുതൽ മെട്രോ യാത്ര നടത്തിയ വനിതയ്ക്കുള്ള സമ്മാനവിതരണം.

• അഞ്ച് മണിക്ക് കടവന്ത്ര സ്റ്റേഷനിൽ എസ്.ബി.ഒ.എ സ്‌കൂൾ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന തെരുവ് നാടകവും നൃത്താവതരണവും.

• 5.30 ന് ജോസ് ജംഗ്ഷനിൽ വനിതാദിന സാംസ്‌കാരിക പരിപാടി. ക്യൂട്ട് ബേബി ഗേൾ മൽസരം. മ്യൂസിക്കൽ ചെയർ മൽസരം. സെന്റ് തെരേസാസ് കോളെജ് വിദ്യാർത്ഥിനികളുടെ മ്യൂസിക് ബാൻഡ്.

• രാവിലെ 10.30ന് കെ.എം.ആർ.എൽ വനിത ജീവനക്കാർക്കായി ആയുർവേദ ചികിൽസാവിധികളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്.