പള്ളുരുത്തി: ശ്രീഭവാനീശ്വര മഹാക്ഷേത്രത്തിലെ മഹാത്സവത്തിന് തന്ത്രി എൻ.വി.സുധാകരൻ, മേൽശാന്തി പി.കെ.മധു എന്നിവരുടെ കാർമ്മികത്വത്തിൽ കൊടിയേറി. ഇതിനോടനുബന്ധിച്ച് നടന്ന അന്നദാനത്തിൽ നിരവധി ഭക്തർ പങ്കാളികളായി. ഞായറാഴ്ച നടന്ന സ്വർണ ധ്വജപ്രതിഷ്ഠാ ഉത്സവത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.

14ന് പൂയ മഹാൽസവം.16ന് പള്ളിവേട്ടയും 17ന് ആറാട്ട് മഹോത്സവവും നടക്കും. ചെറായി പരമേശ്വരൻ, വരടിയം ജയറാം, പുതുപ്പള്ളി സാധു, ചെർപ്പുളശേരി അനന്തപത്മനാഭൻ, മധുരപ്പുറം കണ്ണൻ, ഊട്ടോളി മഹാദേവൻ, കുറുപ്പത്ത് ശിവശങ്കരൻ എന്നീ കരിവീരൻമാർ പൂരത്തിന് അണിനിരക്കും.

ഇതിനോടനുബന്ധിച്ച് കലവറ നിറക്കൽ ചടങ്ങ് നടന്നു. ഇന്ന് രാവിലെ 8 മുതൽ ശീവേലി. തുടർന്ന് കൊടിമരച്ചുവട്ടിൽ പറയെടുപ്പ്. 9ന് ഗുരുദേവ കൃതികൾ - സുബഹ്മണ്യ കീർത്തനങ്ങൾ. രാത്രി 7ന് ചലച്ചിത്ര പിന്നണിഗായിക ചിത്ര അരുൺ നയിക്കുന്ന ഭക്തിഗാനസുധ. 9ന് വിളക്കിനെഴുന്നള്ളിപ്പ്. ഭാരവാഹികളായ എ.കെ.സന്തോഷ്, സി.ജി.പ്രതാപൻ, കെ.ആർ.വിദ്യാനാഥ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.