
കൊച്ചി: ടയർ മാറ്റിയിടുന്നതിനിടെ ജാക്കി തെന്നിമാറി പിന്നോട്ടുരുണ്ട ലോറിക്കടിയിൽപ്പെട്ട് ക്ലീനർ തിരുവനന്തപുരം വെള്ളറട ഡാലുമുഖം എലിവാലൻകോണം കിഴക്കിൻകര പുത്തൻവീട്ടിൽ മണിയൻ (50) ദാരുണമായി മരിച്ചു.
ഇന്നലെ രാവിലെ എട്ടരയോടെ ചേരാനെല്ലൂർ മഞ്ഞുമ്മലിലെ ജയ് ഹിന്ദ് സ്റ്റീൽ പ്രൈവറ്റ് ലിമിറ്റഡെന്ന ഇരുമ്പ് വ്യാപാരസ്ഥാപനത്തിന്റെ ഗോഡൗണിലാണ് സംഭവം. തിരുവനന്തപുരത്തേക്കുള്ള ലോഡ് കയറ്റുന്നതിനു മുന്നേ പിൻടയറുകൾ മാറ്റിയിടുകയായിരുന്നു മണിയൻ. ഇടതുവശത്തെ ടയർ വെള്ളറട സ്വദേശി ഡ്രൈവർ മധു മാറ്റിയിട്ടു. വലതുവശത്തെ ടയർ മണിയൻ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി ലോറിക്കടിയിലാകുകയായിരുന്നു. ചെറിയ കയറ്റത്തിലായിരുന്നതിനാൽ ലോറി പൊടുന്നനെ പിന്നോട്ടുരുണ്ടു. മധുഓടിച്ചെന്ന് കൈകൊണ്ട് ബ്രേക്ക് അമർത്തിയെങ്കിലും ലോറിയുടെ ടയർ മണിയന്റെ ദേഹത്ത് കയറിയിരുന്നു. തൽക്ഷണം മരിച്ചു. തിരുവനന്തപുരത്ത് നിന്ന് ഞായറാഴ്ച മരവുമായാണ് മധുവും മണിയനും എറണാകുളത്ത് എത്തിയത്. അത് പെരുമ്പാവൂരിലെ മില്ലിൽ ഇറക്കിയശേഷം രാത്രി ലോഡ് എടുക്കാനായി ചേരാനെല്ലൂരിലെ സ്ഥാപനത്തിലെത്തി. ലോറിയിൽ തന്നെയായിരുന്നു താമസം.
മൃതദേഹം മഞ്ഞുമ്മൽ സെന്റ് ജോസഫ് ആശുപത്രി മോർച്ചറിയിൽ. ഇന്ന് ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റും. നടപടി പൂർത്തിയാക്കി ഉച്ചയോടെ ബന്ധുക്കൾക്ക് കൈമാറും. യശോദ ഭാര്യയും അശ്വതി മകളുമാണ്.
കൈക്ക് ചെറിയ സ്വാധീനക്കുറവുള്ള മണിയൻ ലോറികളിലെ ക്ലീനർജോലി ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. മൂന്ന് മാസം മുമ്പാണ് മധുവിനൊപ്പം കൂടിയത്.