#ക്ളറിക്കൽ പിഴവെന്ന് കിഫ്ബി ഓഫീസ്


ആലുവ: സീപോർട്ട് - എയർപ്പോർട്ട് റോഡ് രണ്ടാംഘട്ട വികസനത്തിനായി പുറപ്പെടുവിച്ച സ്ഥലമേറ്റെടുക്കൽ വിജ്ഞാപനത്തിൽ സർവേ നമ്പറുകൾ തെറ്റിച്ചും ഉൾപ്പെടുത്താതെയും പുറത്തിറക്കിയത് പ്രതിസന്ധിയായി. ഇതേത്തുടർന്ന് രണ്ടാംഘട്ടത്തിലെ സ്ഥലമേറ്റെടുക്കൽ ഇനിയും അനിശ്ചിത്വത്തിലാകുമെന്ന് സൂചന.

ആലുവ വെസ്റ്റ് വില്ലേജ് ബ്ലോക്ക് 60ൽ മാത്രം സർവേ നമ്പറുകൾ തെറ്റിച്ചും ഉൾപ്പെടുത്താതെയും വിജ്ഞാപനം ഇറക്കിയതായാണ് ആരോപണം. എൻ.എ.ഡി മുതൽ മഹിളാലയം പാലംവഴി നെടുമ്പാശേരി വിമാനത്താവളം വരെയാണ് സീപോർട്ട് - എയർപോർട്ട് റോഡ് രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ നടക്കേണ്ടത്. അതിൽ എൻ.എ.ഡി മുതൽ ആലുവ അസീസി ജംഗ്ഷൻ വരെ, അസീസി ജംഗ്ഷൻ മുതൽ മഹിളാലയം ജംഗ്ഷൻ വരെയുള്ള സ്ഥലങ്ങൾ ഏറ്റെടുക്കാനുള്ള വിജ്ഞാപനമാണ് കഴിഞ്ഞദിവസം ഇറങ്ങിയത്.

വർഷങ്ങൾക്കുമുമ്പേ റോഡിനായി സർവേനടത്തി പുരയിടമടക്കം പലയിടത്തും കല്ലുകൾ ഇട്ടിട്ടുണ്ട്. എന്നാൽ കല്ലിട്ട നിരവധി സ്ഥലങ്ങൾ വിജ്ഞാപനത്തിൽ ഇല്ല. പകരം പദ്ധതി പ്രദേശത്ത് ഇല്ലാത്ത സ്ഥലങ്ങൾ ഉൾപ്പെടുത്തിയിട്ടുമുണ്ട്. പേജ് നമ്പർ 5 , 6, 7 കളിലെ 59, 60 ആലുവ വെസ്റ്റ് വില്ലേജ് ബ്ലോക്കുകളിലാണ് ഈ പിശക് കണ്ടെത്തിയിരിക്കുന്നത്. റോഡ് കടന്നുപോകുന്ന മറ്റ് വില്ലേജുകളിലും ഇതേതെറ്റുകൾ ഉണ്ടാകുമെന്നാണ് പദ്ധതി പ്രദേശത്തുള്ളവരുടെ ആശങ്ക.

ക്ളറിക്കൽ പിശകാണെങ്കിൽ ഇത് തിരുത്തി വീണ്ടും വിജ്ഞാപനം ഇറക്കേണ്ടിവരും. അതിന് ഇനിയും കാത്തിരിക്കണം. മറിച്ച് പുതിയ അലൈൻമെന്റാണെങ്കിൽ ഇതുവരെ കല്ലിട്ട സ്ഥലത്തിന്റെ ഉടമകളുടെ പ്രതിഷേധം നേരിടേണ്ടി വരും. വർഷങ്ങൾ നീണ്ട പദ്ധതി ഇനിയും വൈകുമോയെന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്. ഫലത്തിൽ പദ്ധതി പ്രദേശത്ത് ഇല്ലാത്തവർക്കും ഇനി സ്ഥലംകൈമാറ്റം ചെയ്യാനാകില്ല. ഇത് സംബന്ധിച്ച് വിവരങ്ങൾ തേടിയവരോട് കമ്പ്യൂട്ടർ പിഴവാണെന്നാണ് കിഫ്ബി ഓഫീസിൽനിന്ന് കിട്ടിയ വിശദീകരണം. സ്ഥലമേറ്റെടുപ്പ് ചുമതലയുള്ള പ്രത്യേക തഹസിൽദാർക്ക് പരാതി നൽകാനാണ് നാട്ടുകാരുടെ തീരുമാനം.