കൊച്ചി: കൊവിഡ് തിരിച്ചറിയാനുള്ള ആർ.ടി.പി.സി.ആർ പരിശോധനയുടെ നിരക്ക് കുറയ്ക്കുകയും ആന്റിജൻ പരിശോധനയ്ക്ക് അനുമതി നിഷേധിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചുള്ള സമരത്തിൽ നിന്ന് സ്വകാര്യ മെഡിക്കൽ ലാബോറട്ടറികൾ പിൻവാങ്ങി. ലാബുകളുമായി കൂടിയാലോചന നടത്താതെ സർക്കാർ ഇക്കാര്യങ്ങളിൽ തീരുമാനമെടുത്തെന്നായിരുന്നു ആരോപണം. ലാബുകൾ അടച്ചിടുമെന്നുൾപ്പെടെ സംഘടനകൾ പറഞ്ഞിരുന്നു.
എന്നാൽ, ഇത് സംബന്ധിച്ച പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ശ്രദ്ധയിൽപ്പെടുത്തിയെന്നും അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സി. ബാലചന്ദ്രൻ പറഞ്ഞു.
സ്വകാര്യലാബുകളിലെ ആന്റിജൻ പരിശോധന നിറുത്തലാക്കാൻ കഴിഞ്ഞവർഷം അവസാനമാണ് സർക്കാർ തീരുമാനിച്ചത്. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ അടിയന്തരഘട്ടങ്ങളിൽ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമാണ് ആന്റിജൻ പരിശോധന.
ആന്റിജന് പെടാപ്പാട്
ആന്റിജൻ പരിശോധനയ്ക്ക് ഡോക്ടർമാരുടെ കുറിപ്പ് ലഭിക്കാൻ ഒ.പി ടിക്കറ്റ് എടുക്കണം. തുച്ഛമായ തുകയുടെ ആന്റിജൻ പരിശോധനയ്ക്ക് അതോടെ ചെലവ് 700 രൂപ കടക്കും. ആശുപത്രികളിൽ പരിശോധന ചെയ്യാനാണെങ്കിലും ഒ.പി ടിക്കറ്റെടുത്ത് ഡോക്ടറെ കണ്ടശേഷമേ പരിശോധിക്കാനാകൂ. പല സ്ഥാപനങ്ങളും ആന്റിജൻ പരിശോധനാ ഫലമാണ് ഇപ്പോൾ ആവശ്യപ്പെടുന്നത്. അതിനാൽ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു.
190
സംസ്ഥാനത്താകെ 190ഐ.സി.എം.ആർ അംഗീകൃത ലാബുകളാണ് ഉള്ളത്.
46 എണ്ണം സ്വകാര്യ ലാബും 41 എണ്ണം സർക്കാർ ലാബും. ബാക്കി സ്വകാര്യ ആശുപത്രികളിലെ ലാബുകളും മറ്റ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പരിശോധന നടത്തുന്ന സ്ഥാപനങ്ങളുമാണ്.