വൈപ്പിൻ: ഭദ്രകാളിയുടെ ദാരികവധത്തെ അനുസ്മരിച്ച് പള്ളത്താംകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ഇന്നലെ സന്ധ്യയ്ക്ക് നടത്തിയ ആൾത്തൂക്കം ഭക്തിനിർഭരമായി. താലപ്പൊലിയുടെ സമാപനംകുറിച്ചാണ് ഭരണി നാളിൽ ഇവിടെ ആൾത്തൂക്കം നടത്തുന്നത്.
മുമ്പ് നാലുതവണ തൂക്കംനടത്തിയ തൊടുപുഴ വാഴക്കുളം സ്വദേശി എഴുപതുകാരനായ കൃഷ്ണൻകുട്ടി നായരാണ് ഇത്തവണയും തൂക്കച്ചാടിലേറിയത്. സഹായിയായി കുഴുപ്പിള്ളി രമേശനും ഉണ്ടായിരുന്നു. ക്ഷേത്രമൈതാനം നിറഞ്ഞ ഭക്തരെ സാക്ഷിനിർത്തി അമ്പതോളംപേർ തൂക്കച്ചാട് തോളിലേറ്റി മൂന്നുവട്ടം ക്ഷേത്രമൈതാനത്ത് പ്രദക്ഷിണം നടത്തി. കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് കുട്ടികളെ എടുത്തുകൊണ്ടുള്ള പിള്ളത്തൂക്കം ഒഴിവാക്കിയിരുന്നു.