കൊച്ചി: എറണാകുളം ശിവക്ഷേത്ര സമുച്ചയത്തിലെ ശ്രീസുബ്രഹ്മണ്യ ക്ഷേത്രം പൈങ്കുനി മഹോത്സവത്തിന് ബുധനാഴ്ച രാവിലെ 9.30നും 10.30നും മദ്ധ്യേ കൊടിയേറും. കാഞ്ചിപുരം ശെന്തിൽനാഥ് ശിവാചാര്യ, പാലക്കാട് രാംകുമാർ ശിവാചാര്യ എന്നിവർ ചേർന്നു കൊടിയേറ്റും.
ക്ഷേത്ര മുഖ്യപുരോഹിതൻ അനന്തശിവാചാര്യ സഹകാർമ്മികനാകും. കൊടിയേറ്റിനുശേഷം യാഗശാല പൂജകൾ, ഷോഡഗോപാചര പൂജ, മഹാന്യാസ പുരസ്കാരം, രുദ്രാഭിഷേകം, സഹസ്രനാമാർച്ചന എന്നിവ 17 വരെ ദിവസേന രാവിലെയും വിശോൽ അലങ്കാരപൂജ, മയിൽവാഹന എഴുന്നെള്ളിപ്പ് എന്നിവ വൈകുന്നേരങ്ങളിലും നടക്കും. പൈങ്കുനി ഉത്രദിവസമായ 18ന് രാവിലെ മഹാഭിഷേകം, അലങ്കാരപൂജ, മഹാദീപാരാധന എന്നിവയും വൈകിട്ട് 5.30 മുതൽ ശ്രീസുബ്രഹ്മണ്യസ്വാമി-വള്ളി-ദേവസേന തിരുകല്യാണ മഹോത്സവം, യാഗശാല പൂർണ്ണാഹുതി എന്നിവയ്ക്ക് ശേഷം കൊടിയിറക്കൽ ചടങ്ങും മയിൽവാഹന എഴുന്നെള്ളിപ്പ്, ആറാട്ട് എന്നിവയും നടക്കും.