 
കൊച്ചി: വനിതാദിനത്തിൽ അതുല്യനേട്ടം കൈവരിച്ചിരിക്കുകയാണ് തലയോലപ്പറമ്പ് സ്വദേശിയായ അതുല്യാ ദിനേശ്. റോപ്പ് ആക്‌സസ് മേഖലയിൽ അന്താരാഷ്ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് അതുല്യ ദിനേശെന്ന് ഏരിസ് റോപ്പ് ആക്‌സസ് ട്രെയിനിംഗ് വിഭാഗം മേധാവിയും ഷാർജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് ഡയറക്ടറുമായ ഷിജു ബാബു വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പുരുഷ കേന്ദ്രീകൃതമായിരുന്ന റോപ്പ് ആക്‌സസ് സർവീസ് മേഖലയിൽ ജോലിചെയ്യാനുള്ള അന്താരാഷ്ട്ര അംഗീകാരമാണ് ഈ പത്താമ്പതുകാരി കരസ്ഥമാക്കിയത്. അതുല്യയ്ക്ക് ഏരീസ് റോപ്പ് ആക്‌സസ് ടീമിന്റെ ഭാഗമായി ഇനിമുതൽ വിവിധ രാജ്യങ്ങളിൽ ജോലിചെയ്യാനാകുമെന്ന് ഷിജു ബാബു പറഞ്ഞു. ഏറ്റവും ഉയരത്തിലുള്ള സ്ഥലങ്ങളിൽ ചെന്നെത്തി ശാരീരികാദ്ധ്വാനം ഉപയോഗിക്കേണ്ടിവരുന്ന പ്രത്യേക സാഹചര്യങ്ങളിൽ ഈ ഉത്തരവാദിത്വം കൃത്യമായി നിർവഹിക്കുകയാണ് റോപ്പ് ആക്‌സസ് ടീം ചെയ്യുന്നത്. ഓയിൽ ആൻഡ് ഗ്യാസ്, സിവിൽ കൺസ്ട്രക്ഷൻ, മാനുഫാക്ചറിംഗ്, പെട്രോ കെമിക്കൽ തുടങ്ങിയ മേഖലകളിലെ പ്രത്യേക ജോലികൾക്കാണ് റോപ്പ് ആക്‌സസ് ടീമിന്റെ പിന്തുണ വേണ്ടിവരുന്നത്. വളരെയധികം ശാരീരികക്ഷമത ആവശ്യമുള്ള ജോലി എന്ന നിലയിൽ പുരുഷന്മാരെ മാത്രമാണ് ഇതിലേക്ക് ഇതുവരെ പരിഗണിച്ചിരുന്നത്. ആ മേഖലയിലേക്കാണ് ഒരു സ്ത്രീ കടന്നുവന്നത്. പരിശീലനം പൂർത്തിയാക്കിയ അതുല്യയ്ക്ക് അന്താരാഷ്ട്ര സാക്ഷ്യപത്രവും ലഭിച്ചിട്ടുണ്ട്.