കൊച്ചി: നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ അപകടാവസ്ഥയിലുള്ള കേബിൾ നീക്കം ചെയ്യാത്തതിനെതിരെ കടുത്ത നടപടിയുമായി കോർപ്പറേഷൻ. ഉപയോഗശൂന്യമായ കേബിളുകൾ നീക്കം ചെയ്യണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. കഴിഞ്ഞ ജൂലായ് 29ന് നഗരസഭ സെക്രട്ടറിയുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ സെപ്തംബർ ഒന്നിനകം കേബിളുകൾ നീക്കം ചെയ്യാമെന്ന് കേബിൾ കമ്പനി പ്രതിനിധികൾ സമ്മതിച്ചുവെങ്കിലും നടപടിയുമുണ്ടായില്ല. 15 ദിവസത്തിനകം കേബിളുകൾ നീക്കണമെന്ന് കോർറേഷൻ സെക്രട്ടറി കഴിഞ്ഞ ദിവസം നിർദ്ദേശം നൽകി. അല്ലാത്തപക്ഷം കോർപ്പറേഷൻ അത് നീക്കം ചെയ്ത് മുഴുവൻ ചെലവുകളും ഉത്തരവാദികളിൽ നിന്ന് ഈടാക്കും.

ബ്രോഡ്‌വേ, മാർക്കറ്റ്, പ്രസ്‌ക്ലബ് റോഡ് പ്രദേശങ്ങളിൽ ഉൾപ്പെടെ പാതയോരത്ത് അലക്ഷ്യമായി ഉപേക്ഷിച്ചിരിക്കുന്ന കേബിളുകൾ കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രികർക്കും അപകട ഭീഷണി ഉയർത്തുന്നുണ്ട്. ഫുട്പാത്തുകളിൽ താഴ്ന്നുകിടക്കുന്ന കേബിളുകൾ മൂലം നടക്കാനാവുന്നില്ല. നഗരത്തിൽ എല്ലായിടത്തും ഇതാണ് അവസ്ഥ. ഒട്ടേറെ പരാതികൾ ഉയർന്നതിനെ തുടർന്നാണ് നടപടി.

സ്‌ട്രീറ്റ്‌ലൈറ്റുകൾ സ്ഥാപിക്കാനും മറ്റുമായി കോർപ്പറേഷൻ സ്ഥാപിച്ച തൂണുകളിലൂടെ അനുമതി വാങ്ങാതെയാണ് പലരും കേബിൾ വലിക്കുന്നത്. കോർപ്പറേഷന്റെ എല്ലാ തൂണുകളിലും അനധികൃതമായി കേബിളുകൾ സ്ഥാപിച്ചിട്ടുണ്ട്. വരുമാനമൊന്നും കോർപ്പറേഷന് ഇതിൽ നിന്ന് ലഭിക്കുന്നുമില്ല.