ആലുവ: ശക്തമായ ജനകീയ പ്രതിഷേധത്തിനിടെ കീഴ്മാട് ഗ്രാമപഞ്ചായത്തിൽ വീണ്ടും കെ- റെയിൽ കല്ലിടൽ നടന്നു. ശക്തമായ പ്രതിഷേധമുയർത്തിയ ഭൂവുടമകളുടെ പറമ്പിൽ കല്ലിടുന്നതിൽനിന്ന് സംഘം പിന്നാക്കം പോയെങ്കിലും പൊതുസ്ഥലത്തും ഉടമകൾ സ്ഥലത്തില്ലാത്ത സ്ഥലങ്ങളിലും കല്ലിടൽ നടന്നു.
എട്ടാംവാർഡിന്റെ ഭാഗമായ നാലാംമൈൽ പ്രദേശത്താണ് ഇന്നലെ രാവിലെ മുതൽ ജനകീയ പ്രതിഷേധത്തെ പൊലീസിനെ ഉപയോഗിച്ച് നേരിട്ടശേഷം സർവേ നടപടികൾ പുരോഗമിക്കുന്നത്. എടത്തല സി.ഐ പി.ജെ. നോബിളിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘമാണ് റവന്യൂ, കെ-റെയിൽ ഉദ്യോഗസ്ഥസംഘത്തിന് സഹായം നൽകുന്നത്.
രാവിലെ സർവേ ആരംഭിച്ച ഉടൻ പ്രതിഷേധവുമായെത്തിയ സമരസമിതി പ്രവർത്തകരായ കബീൽ തറയിൽ, ടി.പി. ഹാഷിം, ടി.പി ശിഹാബ്, എം.പി. അലി, എ.എ. അബ്ദുൽ സത്താർ, ടി.എം. ആദിൽ, റഷീദ് എടയപ്പുറം എന്നിവരെ പൊലീസ് അറസ്റ്റുചെയ്തുനീക്കി. വൈകിട്ട് സർവേ അവസാനിപ്പിച്ച് ഉദ്യോഗസ്ഥർ മടങ്ങിയ ശേഷമാണ് സമരക്കാർക്ക് സ്റ്റേഷൻജാമ്യം നൽകിയത്. സമരക്കാരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സ്ഥലത്ത് ഉടമകളില്ലാത്ത പറമ്പിലും പൊതുസ്ഥലങ്ങളിലും കല്ലിടൽ നടന്നത്.
പ്രതിഷേധിച്ചവരെ സാമൂഹിക വിരുദ്ധരെ കൈകാര്യം ചെയ്യുന്ന തീതിയിലാണ് പൊലീസ് നേരിട്ടതെന്ന് ആരോപണമുണ്ട്. പുരയിടത്തിൽ സർവേക്കല്ലിടാനെടുത്ത കുഴിക്കുമുകളിൽക്കിടന്ന് തടഞ്ഞ വൃദ്ധമാതാവും വീടും പറമ്പും നഷ്ടപ്പെടുമെന്നോർത്ത് വിതുമ്പിക്കരഞ്ഞ പിഞ്ചുബാലനും സമരക്കാരുടെ ഉൾപ്പെടെ ഏവരുടെയും കണ്ണുനിറച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷാജിദ നൗഷാദ്, പി.എ. മുജീബ്, ടി.എസ്. ഷറഫുദ്ദീൻ, ലത്തീഫ് നാലാംമയിൽ, ടി.പി. ഷെമീർ, ടി.എ. റസാഖ്, വിപിൽ തോട്ടത്തിപ്പറമ്പിൽ, ടി.എ. റഷീദ്, ബെന്നി മാത്യു, അശ്വിൻ മടിപ്പള്ളി, കെ.പി. സാൽവിൻ, എ.എം. ഇസ്മായിൽ, എ.ജി. അജയൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
അഡീ.ചീഫ് സെക്രട്ടറിക്കെതിരെ ചൂർണിക്കര ഗ്രാമപഞ്ചായത്ത്
കെ- റെയിൽ പദ്ധതിക്കാവശ്യമായ സഹകരണങ്ങൾ വേണമെന്ന അഡീഷണൽ ചീഫ് സെക്രട്ടറിയുടെ കത്തിനെതിരെ ചൂർണിക്കര ഗ്രാമപഞ്ചായത്ത്. പദ്ധതി ഉപേക്ഷിക്കുവാൻ സർക്കാർ തയ്യാറാകണമെന്ന് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി ആവശ്യപ്പെട്ടു. മുഹമ്മദ് ഷെഫീക്, സി.പി. നൗഷാദ്, കെ.കെ. ശിവാനന്ദൻ എന്നിവർ സംസാരിച്ചു. പ്രസിഡന്റ് രാജി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷം മൗനംപാലിച്ചു.