കോതമംഗലം: ഏറെ നാളുകളായി പ്രവർത്തനരഹിതമായിരുന്ന ഭൂതത്താൻകെട്ട് - വടാട്ടുപാറ കാനനപാതയിൽ കുട്ടമ്പുഴ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വഴിവിളക്കുകൾ പുന:സ്ഥാപിച്ചു. ഭൂതത്താൻകെട്ട്- വടാട്ടുപാറ റോഡിൽ രണ്ട് വർഷം മുൻപ് എം.എൽ.എ ഫണ്ട് ഉപയോഗിച്ച് 24 ലക്ഷത്തിന്റെ വെളിച്ചം പദ്ധതിയിൽ പ്രത്യേക ലൈൻവലിച്ച് 128 എൽ.ഇ.ഡി വിളക്കുകൾ സ്ഥാപിച്ചതിൽ പലതും തെളിഞ്ഞിരുന്നില്ല .ഭൂതത്താൻകെട്ട് മുതൽ വടാട്ടുപാറ മീരാസിറ്റി വരെയുള്ള വനപാതയിലാണ് ലൈൻവലിച്ച് വെളിച്ചമെത്തിച്ചത്. ഇതിൽ പത്തോളം വിളക്ക് മാത്രമേ പ്രകാശിച്ചിരുന്നുള്ളു. ബാക്കിയുള്ളവ കേടായിട്ട് ഒരു വർഷത്തിലേറെയായി.
ഇവ പുന:സ്ഥാപിക്കാത്തതിൽ പ്രതിഷേധമുയർന്നിരുന്നു. വനപാതയിലൂടെയുള്ള വഴിവിളക്കുകൾ തെളിയാത്തത് യാത്രക്കാർക്ക് ഭീഷണിയായിരുന്നു. ഇത് സംബന്ധിച്ച് കേരളകൗമുദി നേരത്തെ റിപ്പോർട്ടുചെയ്തിരുന്നു.
വടാട്ടുപാറയിൽനിന്ന് ജോലിക്കും മറ്റാവശ്യങ്ങൾക്കും പുറത്തുപോകുന്നവരാണ് ഭൂരിപക്ഷവും. പലപ്പോഴും വൈകിയാണ് തിരിച്ചെത്തുന്നത്. വെളിച്ചമില്ലാത്തതിനാൽ ആന ഉൾപ്പെടെയുള്ള മൃഗങ്ങൾ തൊട്ടടുത്ത് വരുമ്പോഴാണ് അറിയുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും അപകടങ്ങൾ സംഭവിച്ചിരുന്നു, തലനാരിഴയ്ക്കാണ് പലരും വന്യമൃഗങ്ങളുടെ ആക്രമണത്തിൽ രക്ഷപെടുന്നത്. ഇപ്പോൾ വഴിവിളക്കുകൾ പുന:സ്ഥാപിച്ചത് ഏറെ ആശ്വാസകരമാണ്.
എൽദോസ്
പ്രദേശവാസി
കുട്ടമ്പുഴ പഞ്ചായത്തിലെ അഞ്ച് വാർഡുകളിലായി പതിനായിരത്തിലധികം ആളുകൾ താമസിക്കുന്ന സ്ഥലമാണ് വടാട്ടുപാറ. ഈ ആളുകൾക്ക് പുറം ലോകവുമായി ബന്ധപ്പെടുവാൻ ഏകമാർഗമാണ് ഈ റോഡ്. അതുകൊണ്ടുതന്നെയാണ് ആധുനികരീതിയിലുള്ള പുതിയ ലൈറ്റുകൾതന്നെ ഇവിടെ പുന:സ്ഥാപിച്ചത്.
ബിൻസി,
പഞ്ചായത്ത് വൈസ് പ്രസിഡന്റ്