ksrtc

കൊച്ചി: സ്ത്രീകൾക്കു മാത്രമായി ബീച്ചുകൾ, വാട്ടർ തീം പാർക്ക്, വിനോദകേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് കെ.എസ്.ആർ.ടി ഒരുക്കിയ ഏകദിന വിനോദയാത്രയ്ക്ക് വനിതാദിനത്തിലെത്തിയത് 1200 പേർ. വിദ്യാർത്ഥിനികൾ മുതൽ അമ്മൂമ്മമാർ വരെയുണ്ട് ഇക്കൂട്ടത്തിൽ. ഈ മാസം 13 വരെ സ്ത്രീകൾക്കായുള്ള വിനോദയാത്രകൾ തുടരും.

വണ്ടർലായിലേക്ക് 17 ബസ്
വിവിധ ജില്ലകളിൽ നിന്ന് സംഘടിപ്പിച്ച വണ്ടർലാ യാത്രയ്ക്ക് പ്രതീക്ഷിച്ചത് 500 പേരെ. എത്തിയത് 850പേർ. 17 ബസുകളിലാണ് വയനാട്, നെയ്യാറ്റിൻകര തുടങ്ങിയ ഡിപ്പോകളിൽ നിന്ന് കൊച്ചിയിലെ വണ്ടർലായിലെത്തിച്ചത്. പ്രവേശന ഫീസും ടിക്കറ്റും ഉൾപ്പെടെ 8,00രൂപയായിരുന്നു നിരക്ക്.

ആനവണ്ടിയും അമ്മൂമ്മക്കിളികളും
ജീവിതത്തിന്റെ സായന്തനത്തിൽ വീണുകിട്ടിയ നിമിഷങ്ങളായിരുന്നു എറണാകുളം ജില്ലയിലെ 35 അമ്മൂമ്മമാർക്കായൊരുക്കിയ 'ആനവണ്ടിയും അമ്മൂമ്മക്കിളികളും...' ബീച്ച് യാത്ര. കുഴിപ്പിള്ളി ബീച്ചിലേക്ക് വയോമിത്രം പദ്ധതിയിൽ ഉൾപ്പെട്ട വൃദ്ധർക്കാണ് സഞ്ചാരം ഒരുക്കിയത്. ഇടപ്പള്ളിയിൽ നിന്ന് പുറപ്പെട്ട് ബീച്ചിലെത്തി വൈകിട്ട് 7 വരെ കളിച്ചും ചിരിച്ചും പാട്ടുപാടിയും സഞ്ചാരം അവർ ആഘോഷമാക്കി. കെ.എസ്.ആർ.ടി.ഇ.എ വനിതാ സബ് കമ്മിറ്റിയും ബഡ്‌ജറ്റ് ടൂറിസം സെല്ലും ചേർന്നാണ് യാത്ര സംഘടിപ്പിച്ചത്.

ഇനിയുള്ള യാത്രകൾ
(റൂട്ട്, തീയതി, ബസുകളുടെ എണ്ണം എന്ന കണക്കിൽ)
എറണാകുളം- മലക്കപ്പാറ, 12, 1
നെയ്യാറ്റിൻകര- മൺറോ തുരുത്ത്, 12, 2
കൊട്ടാരക്കര- കാപ്പുകാട് 12, 1
നെയ്യാറ്റിൻകര- മൺറോ തുരുത്ത്, 13, 1
മലപ്പുറം- മൂന്നാർ, 9, 1
മലപ്പുറം- മൂന്നാർ,12, 1
മലപ്പുറം- വയനാട്, 12, 1
നിലമ്പൂർ- സാഗർറാണി, 13, 2
മലപ്പുറം- മലക്കപ്പാറ 13, 1