ആലുവ: വേനലിൽ തളർന്നുവീഴുന്ന പക്ഷികൾക്ക് ദാഹജലം ലഭ്യമാക്കാൻ പരിസ്ഥിതി പ്രവർത്തകനും ഗാന്ധിയനും എഴുത്തുകാരനുമായ ശ്രീമൻ നാരായണൻ നടപ്പാക്കിയ 'ജീവജലത്തിന് ഒരു മൺപാത്രം' പദ്ധതി ഒരു ലക്ഷത്തിലേക്ക് കടക്കുകയാണ്. ഒാരോവർഷവും പതിനായിരംവീതം മൺപാത്രങ്ങളാണ് വിവിധ സംഘടനകളുടെ സഹായത്തോടെ വിതരണം ചെയ്യുന്നത്.

പദ്ധതി പത്താംവർഷത്തിലേക്ക് കടന്നതോടെ ഒരുലക്ഷം മൺപാത്രം വിതരണം ചെയ്യാനായതിന്റെ സംതൃപ്തിയിലാണ് ശ്രീമൻ നാരായണൻ. ചുട്ടുപൊള്ളുന്ന വേനലിൽ ദാഹജലം ലഭിക്കാതെ വലയുന്ന പക്ഷികളെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരുന്ന പദ്ധതിയാണ് 'ജീവജലത്തിന് ഒരു മൺപാത്രം' പദ്ധതി. 2019 ൽ സ്‌കൗട്‌സ് ആൻഡ് ഗൈഡ്‌സിലെ ഒരു ലക്ഷം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് പദ്ധതി കേരളം മുഴുവൻ വ്യാപിപ്പിച്ചു. കഴിഞ്ഞ വർഷം മഹാരാഷ്ട്രയിലെ സേവാഗ്രാം ആശ്രമംവഴി അന്യസ്ഥാനങ്ങളിലേക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയുണ്ടായി. തൈവാനിലെ ദി സുപ്രീം മാസ്റ്റർ ചിംങ്ഹായ് ഇന്റർനാഷണൽ അസോസിയേഷൻ മൂന്നു വർഷം മുമ്പ് അവരുടെ ദി വേൾഡ് കംപാഷൻ അവാർഡ് നൽകി ശ്രീമൻ നാരായണനെ ആദരിച്ചിരുന്നു.
ഈ വർഷം ഗുജറാത്തിലെ സബർമതി ആശ്രമം വഴി പാത്രങ്ങൾ വിതരണം ചെയ്യാനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. മൺപാത്രങ്ങൾ ആവശ്യമുള്ള സംഘടനകൾ മെയിൽ വഴി ബന്ധപ്പെടണമെന്നു ശ്രീമൻ നാരായണൻ അറിയിച്ചു. ഇ മെയിൽ: sreemannarayanan2014@gmail.com