നിറുത്താതെ പോയതിനും കേസ്
കൊച്ചി: പാലാരിവട്ടത്ത് പൊലീസ് ജീപ്പ് ഇടിച്ചുതെറിപ്പിച്ച ടാങ്കർ ലോറി ഡ്രൈവറെ വധശ്രമത്തിനുൾപ്പെടെ കേസ് ചുമത്തി അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി ഫൈജാസിനാണ് (42) പിടിയിലായത്. അപകടത്തിൽ കൈയൊടിഞ്ഞ ക്ലീനർ സജാസിനെ പിന്നീട് പ്രതിചേർക്കും. അപകടത്തിൽ പൊലീസുകാർക്ക് പരിക്കേറ്റിരുന്നില്ല.
പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചതിനും ജീപ്പ് തകർത്തതിനുമാണ് കേസ്.
പൊലീസ് കൈകാണിച്ചിട്ടും നിറുത്താതെ പോയതിന് ഫൈജാസ്, സാജാസ് എന്നിവർക്കെതിരെ ഏലൂർ പൊലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിൽ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തും.
ഇന്നലെ പുലർച്ചെ ഒന്നോടെ പാലാരിവട്ടം എസ്.എൻ ജംഗ്ഷനിലായിരുന്നു സംഭവം. മാലിന്യവുമായി ഇടപ്പള്ളി ഭാഗത്തുനിന്ന് പാലാരിവട്ടത്തേക്ക് വന്ന ലോറിയാണ് പൊലീസ് വാഹനം ഇടിച്ച് തകർത്തത്. മാലിന്യം കയറ്റി അമിതവേഗത്തിൽ വന്ന ടാങ്കർ ലോറി ഏലൂർ പൊലീസ് കൈ കാണിച്ചെങ്കിലും നിറുത്തിയില്ല. വിവരം പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചു. പാലാരിവട്ടത്തേക്കു വന്ന ടാങ്കർ ലോറി എസ്.എൻ ജംഗ്ഷനിൽ വച്ച് പട്രോളിംഗിലുണ്ടായിരുന്ന പൊലീസ് സംഘം കൈ കാണിച്ചെങ്കിലും നിറുത്താതെ മുന്നോട്ടുപോയി പൊലീസ് ജീപ്പ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മരട് സ്‌റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ഫൈജാസിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.