ആലുവ: സംസ്ഥാന സർക്കാർ പഞ്ചായത്തുകളിൽ നടപ്പിലാക്കിയ പുതിയ സോഫ്ട് വെയറിന്റെ അപകാത മൂലം പഞ്ചായത്തുകളിലെ ഫയൽ നീക്കവും നികുതി പിരിവും ഫ്രണ്ട് ഓഫീസ് പ്രവർത്തനങ്ങളും മന്ദഗതിയിലായതായി വ്യാപക പരാതി. വിവിധ ആവശ്യങ്ങൾക്ക് പഞ്ചായത്തിലെത്തുന്ന പൊതുജനങ്ങളും ഉദ്യോഗസ്ഥരും ദുരിത്തിലാണ്.

ഫ്രണ്ട് ഓഫീസിൽ നേരത്തെ ഒരപേക്ഷ നൽകിയാൽ രണ്ടു മിനിറ്റിനുള്ളിൽ രസീത് കിട്ടുമായിരുന്നു. പുതിയ സംവിധാനം നടപ്പാക്കിയതോടെ 20 മിനിറ്റ് വരെ വേണ്ടിവരുന്നതായാണ് പരാതി. ഇന്റർനെറ്റിന് വേഗത കുറവാണെങ്കിൽ പിന്നെയും നീളും. ഉടനെ ലഭിക്കേണ്ട സർട്ടിഫിക്കറ്റുകളും സാധാരണ സമയം കൊണ്ട് കൊടുക്കേണ്ട സർട്ടിഫിക്കറ്റുകളും ഇപ്പോൾ ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെന്റ് സിസ്റ്റത്തിലെ (ഐ.എൽ.ജി.എം.എസ്) അപാകതയെ തുടർന്ന് ലഭിക്കുന്നില്ല. പഞ്ചായത്ത് ജീവനക്കാരും പൊതുജനങ്ങളും തമ്മിൽ കലഹം പതിവായി. ജനങ്ങളോട് ഐ.എൽ.ജി.എം.എസ് പ്രശ്‌നമാണ് പ്രതിസന്ധിയെന്ന് പറഞ്ഞാലും ഉൾക്കൊള്ളുന്നില്ല.

സോഫ്ട് വെയർ അപാകത കൃത്യമായി പരിഹരിക്കാത്തതിനാൽ ജനങ്ങളുമായി തർക്കം ഉണ്ടാകുന്നത് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്നുണ്ട്. പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ബിൽ തുക നൽകുന്നതിനും തടസം നേരിടുന്നു. മാർച്ച് മാസമായതോടെ എല്ലാ പഞ്ചായത്തുകളിലും പദ്ധതികൾ പൂർത്തീകരിക്കേണ്ട ജോലിയും എല്ലാവിധ നികുതികളും ഒടുക്കേണ്ട സമയവുമാണ്. ബിൽ തുകകൾ മാറാൻ പറ്റാത്തതിനാൽ സാമ്പത്തിക വർഷം അവസാനിക്കാറായതോടെ പഞ്ചായത്തുകളുടെ പദ്ധതി നിർവ്വഹണ ശതമാനത്തിലും കുറവു വരുന്നു. കരം അടക്കാൻ സംഘടിപ്പിക്കുന്ന നികുതി ക്യാമ്പുകളും സോഫ്ട് വെയർ തകരാർ മൂലം പാളുകയാണ്. പഞ്ചായത്തുകളുടെ നികുതി വരുമാനത്തിലും കുറവു വരുത്തുന്നു.

സംസ്ഥാനത്തെ 1000 ത്തോളം പഞ്ചായത്തുകളിൽ ഇപ്പോൾ 300 ഓളം പഞ്ചായത്തുകളിലാണ് ഐ.എൽ.ജി.എം.എസ് നിലവിൽ നടപ്പിലാക്കിയത്. ഘട്ടംഘട്ടമായി മറ്റ് പഞ്ചായത്തുകളിലും നടപ്പാക്കും. അടിയന്തരമായി സോഫ്ട് വെയർ അപാകത പരിഹരിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.