കൊച്ചി: കേബിൾ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഇന്നും നാളെയും എറണാകുളം വൈറ്റില എസ്.പി യോഗം സെന്റിനറി ഹാളിൽ നടക്കും.

സംസ്ഥാന സമ്മേളം ഇന്ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ്, മേയർ എം. അനിൽകുമാർ എന്നിവർ സംബന്ധിക്കും. 250പേരാണ് പ്രതിനിധികൾ.

സംസ്ഥാനത്തെ 25ലക്ഷത്തിലേറെ വീടുകളിൽ ഡിജിറ്റൽ കേബിൾ ടി.വി സർവീസും ആറു ലക്ഷത്തോളം ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് സേവനവും ഐ.പി ടി.വി പോലുള്ള അനുബന്ധ സേവനങ്ങളും നൽകി ചെറുകിട കേബിൾ ടി.വി ഓപ്പറേറ്റർമാർ മികച്ച സേവനം കാഴ്ചവയ്ക്കുന്നുണ്ടെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

മുപ്പത് ലക്ഷം വീടുകളിൽ കേരളവിഷൻ ഡിജിറ്റൽ, ബ്രോഡ്ബാൻഡ് സേവനങ്ങൾ ലഭ്യമാക്കുന്ന സ്വയംതൊഴിൽ സംരംഭകരായ കേബിൾ ടി.വി ഓപ്പറേറ്റർമാരുടെ സംഘടനയാണ് അസോസിയേഷൻ. വൻമൂലധനവും പിൻബലവും സ്വാധീനവുമുള്ള കുത്തക കോർപ്പറേറ്റുകൾ പ്രവർത്തിക്കുമ്പോഴാണ് കുറഞ്ഞ നിരക്കിൽ സേവനം നൽകി കേരളവിഷൻ രാജ്യത്തിന് മാതൃകയാകുന്നത്. മാദ്ധ്യമരംഗം കുത്തകവത്കരിച്ച് ജനങ്ങളെ കൊള്ളയടിക്കാൻ കോർപ്പറേറ്റുകൾ ശ്രമിക്കുമ്പോൾ അധിനിവേശത്തിനെതിരെ ജനകീയ ബദലായി സംഘടന മാറുമെന്ന് ഭാരവാഹികൾ പറഞ്ഞു.

വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് അബ്ദുൾ സിദ്ദിഖ്, ജനറൽ സെക്രട്ടറി കെ.വി. രാജൻ, സിയാദ് സുധീർ, കെ. വിജയകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.