
കൊച്ചി: കുപ്പി അടപ്പുകളിൽ വരയുടെ മന്ത്രികത തീർത്തു വനിതാ ദിനത്തിൽ ശ്രദ്ധനേടി ചിത്രകാരി സുരജ മനുഅമൽദേവ്. കല, കായികം, സാഹിത്യം, രാഷ്ട്രീയം, സേവനം, ശാസ്ത്രം തുടങ്ങി വിവിധ മേഖലകളിൽ പ്രശസ്തരായ നൂറ് ഇന്ത്യൻ വനിതകളുടെ പൊട്രൈറ്റ് ചിത്രങ്ങൾ പാഴ് വസ്തുവായി കളയുന്ന ബോട്ടിൽ ക്യാപ്പുകളിൽ വരച്ചു 'ഷീ' എന്ന പേരിൽ മുളവുകാട് പോഞ്ഞിക്കര റാഫി മെമ്മോറിയൽ ഗ്രന്ഥശാലയിൽ പ്രദർശിപ്പിച്ചു.
ഇതിനോടകം നിരവധി ചിത്രം പ്രദർശനങ്ങളിലൂടെ ശ്രദ്ധനേടിയ സുരജ കലൂർ നാഷണൽ പബ്ലിക് സ്‌കൂളിലെ ചിത്രകലാ അദ്ധ്യാപികയാണ്.സാഹിത്യകാരി സെലിൻ ചാൾസ് ഉദ്ഘടനം ചെയ്തു. ചിത്രകാരിയും എഴുത്തുകാരിയുമായ മഞ്ജുസാഗർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അക്ബർ വസ്തുക്കൽപറമ്പിൽ, അഡ്വ. ഇ.എസ്.എം. കബീർ ഹാജി, ആർട്ടിസ്റ്റ് സുജിത് ക്രായോൺസ്, വാർഡ് അംഗം കെ.എ. വിനോദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.