മൂവാറ്റുപുഴ: ആയുഷ് ഗ്രാം മൂവാറ്റുപുഴയുടെ നേതൃത്വത്തിൽ പായിപ്ര ഗവ യു .പി സ്കൂളിൽ ആരംഭിച്ച എള്ള് കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് അംഗം ജയശ്രീ ശ്രീധരൻ നിർവ്വഹിച്ചു. നാട്ടിൽ അന്യംനിന്ന് പോകുന്ന എള്ള് കൃഷിയുടെ രീതി, അതിന്റെ പ്രാധാന്യം കുട്ടികളിലെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. വിളവെടുത്ത എള്ള് കൊണ്ട് വിവിധ എള്ള് വിഭവങ്ങൾ സ്കൂളിൽ ഉണ്ടാക്കുന്നതിനും സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയിലേക്ക് എള്ള് പ്രയോജനപ്പെടുത്തുന്നതിനും സാധിച്ചു. എള്ള് വിഭവങ്ങളുടെ ചാർട്ട് പ്രദർശനവും ഒരുക്കിയിരുന്നു. സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും പി.ടി.എ അംഗങ്ങളും സഹകരിച്ചാണ് കൃഷിയിറക്കിയത്. ആയുഷ് ഗ്രാം മെഡിക്കൽ ഓഫീസർ ജിൻഷ ആർ. ക്ലാസ് നയിച്ചു. പി. ടി. എ പ്രസിഡന്റ് നസീമ സുനിൽ, ഹെഡ്മിസ്ട്രസ് റഹീമ ബീവി, ജിമിനി ജോസഫ് , കെ.എം. നൗഫൽ എന്നിവർ സംസാരിച്ചു.