കൊച്ചി: കുടിവെള്ളക്ഷാമത്തിൽ കലങ്ങി കൗൺസിൽ യോഗം. വനിതാദിനത്തിൽ ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ അദ്ധ്യക്ഷത വഹിച്ച കൗൺസിൽ യോഗത്തിൽ കുടിവെള്ളം കിട്ടുന്നില്ലെന്ന് ഭരണ-പ്രതിപക്ഷ ഭേദമന്യേ മുറവിളി ഉയർന്നു. ആലുവ പമ്പ് ഹൗസിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നഗരത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും തുള്ളിവെള്ളം കിട്ടാനില്ലാത്ത അവസ്ഥയാണ്. ജലഅതോറിട്ടി ഉദ്യോഗസ്ഥരുടെ അനാസ്ഥ പ്രശ്നം രൂക്ഷമാക്കുന്നതായി കൗൺസിലർമാർ കുറ്റപ്പെടുത്തി.

കുടിവെള്ളത്തെ ചൊല്ലി രോഷാകുലരാകുന്ന ജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കഴിയുന്നില്ല. ടാങ്കർ ലോറിയിൽ എത്തുന്ന വെള്ളം ആവശ്യത്തിന് തികയുന്നില്ല. രാത്രി ഒരുമണിക്കും പുലർച്ചെ അഞ്ചിനുമൊക്കെ ജനങ്ങൾ വിളിച്ച് പരാതി പറയുന്നു. ചില ടാങ്കറുകൾ മറ്റ് ഡിവിഷനുകളിൽ പിടിച്ചിടുന്നത് കാരണം തങ്ങളുടെ സ്ഥലങ്ങളിൽ എത്തുന്നില്ല, ഉദ്യോഗസ്ഥർ അനാസ്ഥ കാട്ടുന്നു..... എന്നിങ്ങനെ പരാതി നിര നീണ്ടു.
തമ്മനം പമ്പ് ഹൗസിന് അരികെ കുടിവെള്ള ടാങ്ക് നിറഞ്ഞുകവിഞ്ഞ് വെള്ളം റോഡിലൂടെ ഒഴുകുകയാണെന്ന് കൗൺസിലർ സക്കീർ തമ്മനം അറിയിച്ചു. ജല അതോറിട്ടി ജീവനക്കാരെ ഇക്കാര്യം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ദിനംപ്രതി 45 എം.എൽ.ഡി കുടിവെള്ളം ആവശ്യമായ നഗരത്തിൽ നിലവിൽ ലഭിക്കുന്നത് 25 എം.എൽ.ഡി മാത്രമാണെന്ന് പ്രിയ പ്രശാന്ത് പറഞ്ഞു. കളമശേരി, തമ്മനം പമ്പുഹൗസുകളിൽ നിന്നാണ് നഗരത്തിൽ കുടിവെള്ള വിതരണം നടക്കുന്നതെന്ന് ഹെൻട്രി ഓസ്റ്റിൽ അറിയിച്ചു. ആലുവയിൽ നിന്ന് കളമശേരിയിലേക്ക് 11 എം.എൽ.ടി വെള്ളം എത്തുന്നുണ്ട്. നാല് എം.എൽ.ഡി ജലം എത്തേണ്ട വടുതലയിലേക്ക് പക്ഷെ ഒരു എം.എൽ.ഡി മാത്രമാണ് ലഭിക്കുന്നത്. ബാക്കി മൂന്ന് എം.എൽ.ഡി എവിടേക്ക് കടത്തുന്നുവെന്ന് ജല അതോറിട്ടി ഉദ്യോഗസ്ഥർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാവിലെ 10 മുതലാണ് പമ്പിംഗ് നടത്തേണ്ടതെങ്കിലും രാവിലെ ആറുമുതൽ പമ്പിംഗ് നടത്തി വെള്ളം വഴിതിരിച്ച് വിടുകയാണ്. നഗരത്തിന്റെ വടക്കൻ മേഖലയിൽ വെള്ളം ലഭിക്കാത്തത് ഇത് കാരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 സർക്കാരിന്റെ സഹായം തേടും

കുടിവെള്ള ക്ഷാമം രൂക്ഷമാണെന്ന് സമ്മതിച്ച ഡെപ്യൂട്ടി മേയർ ഇതുസംബന്ധിച്ച് മേയർ എം. അനിൽകുമാറിന്റെ നേതൃത്വത്തിൽ മൂന്ന് യോഗങ്ങൾ നടത്തിയിട്ടുണ്ടെന്ന് അറിയിച്ചു. എന്നിട്ടും ജല അതോറിട്ടി ഉദ്യോഗസ്ഥർ നിസഹകരിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ പരിഹാരം കണ്ടെത്തുമെന്ന് അവർ ഉറപ്പുനൽകി.