
കൊച്ചി: വനിതാ ദിനമായ ഇന്നലെ ഹൈക്കോടതിയിൽ വനിതാ ജഡ്ജിമാർ മാത്രമുൾപ്പെട്ട ഫുൾബെഞ്ച് പരിഗണിച്ച ഹർജികളിൽ സർക്കാരിനു വേണ്ടി ഹാജരായത് വനിതാ അഭിഭാഷക. ജസ്റ്റിസ് അനു ശിവരാമൻ, ജസ്റ്റിസ് എം.ആർ. അനിത, ജസ്റ്റിസ് ഷെർസി എന്നിവരുൾപ്പെട്ട ഫുൾബെഞ്ചിൽ സർക്കാരിനു വേണ്ടി സ്പെഷ്യൽ ഗവ. പ്ളീഡർ എം.ആർ. ശ്രീലതയാണ് വാദിച്ചത്. വനിതാ ദിനമാണെന്നതു കണക്കിലെടുത്ത് അഡ്വക്കേറ്റ് ജനറൽ നിർദ്ദേശിച്ചതനുസരിച്ചാണ് അഡ്വ. ശ്രീലതയെ വാദത്തിനായി നിയോഗിച്ചത്.
ഗുരുവായൂർ ദേവസ്വത്തിന്റെ ഫണ്ടിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ ദേവസ്വം മാനേജിംഗ് കമ്മിറ്റിക്ക് അധികാരമില്ലെന്ന ഫുൾ ബെഞ്ചിന്റെ ഉത്തരവ് പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ റിവ്യൂ ഹർജികളാണ് ഫുൾബെഞ്ച് പരിഗണിച്ചത്. വിഷയം രണ്ടാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കാൻ മാറ്റി.