പറവൂർ: ദേശീയപാതയോട് ചേർന്നുള്ള കലുങ്കിന്റെ കൈവരി തകർന്നിട്ട് വർഷങ്ങളായി. ഇതുവരെ നന്നാക്കാൻ നടപടിയില്ല. കണ്ണൻകുളങ്ങര ക്ഷേത്രത്തിന് മുന്നിൽ നിന്ന് മാർക്കറ്റിലേക്കുള്ള പ്രധാന റോഡിൽ നിന്ന് യാക്കോബായ പള്ളിയിലേയ്ക്ക് തിരിയുന്നിടത്താണ് അപകടക്കെണി. ഒട്ടേറെ വാഹനങ്ങൾ ഇടതടവില്ലാതെ സഞ്ചരിക്കുന്ന വഴിയാണിത്. കൈവരി തകർന്ന് കിടക്കുന്ന ഭാഗത്തെ കുഴിയിലേക്ക് വാഹനങ്ങളുടെ ചകങ്ങൾ വീണ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കലുങ്കിന്റെ കൈവരി നന്നാക്കുകയും സമീപത്തുള്ള കാനയ്ക്കു മുകളിൽ സ്റ്റാബ് ഇടുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ദേശീയപാത അധികൃതരോട് പലതവണ പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ല. പ്രശ്നപരിഹാരത്തിന് എത്രയും വേഗം നടപടിയെടുക്കണമെന്ന് റസിഡന്റ്സ് അസോസിയേഷൻ അപെക്സ് കൗൺസിൽ (റേയ്സ്) പറവൂർ വരാപ്പുഴ മൂത്തകുന്നം മേഖലാ പ്രസിഡന്റ് ജോസ് പോൾ വിതയത്തിൽ ആവശ്യപ്പെട്ടു.