vollyball-snv
എസ്.എൻ,വി സ്കൂൾ ഗ്രൗണ്ടിൽ നിർമ്മിക്കുന്ന ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിന്റെ കാൽനാട്ട് കർമ്മം എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണനും യൂണിയൻ സെക്രട്ടറിയും സ്കൂൾ മാനേജരുമായ ഹരി വിജയനും ചേർന്ന് നിർവഹിക്കുന്നു

പറവൂർ: സംസ്ഥാന യൂത്ത് പുരുഷ - വനിത വോളിബാൾ ചാമ്പ്യൻഷിപ്പ് നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിലെ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ നാളെ (വെള്ളി) തുടങ്ങും. വൈകിട്ട് മൂന്നിന് രണ്ട് കോർട്ടുകളിലായി വനിതാവിഭാഗം മത്സരങ്ങൾ ആരംഭിക്കും. ആലപ്പുഴ ഇടുക്കിയേയും തിരുവനന്തപുരം എറണാകുളത്തേയും നേരിടും. അഞ്ചിന് സംസ്ഥാന, ജില്ലാ വോളിബാൾ അസോസിയേഷനുകളുടെയും സ്കൂളിന്റെയും പതാകകൾ യഥാക്രമം ഡോ. സണ്ണി വി. സക്കറിയ, ബിജോയ് ബാബു, കെ.ബി. സുഭാഷ് എന്നിവർ ഉയർത്തും. തുടർന്ന് മുനമ്പം ഡിവൈ.എസ്‌.പി എസ്. ബിനു ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഹരി വിജയൻ അദ്ധ്യക്ഷത വഹിക്കും.

12ന് സെമിഫൈനലും 13ന് ഫൈനൽ മത്സരങ്ങളും നടക്കും. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കളിക്കാർക്കും ഒഫീഷ്യൽസിനും വോളന്റിയർമാർക്കും ബോൾബോയ്സിനും മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് യൂണിഫോം നൽകും. 2,000 പേർക്ക് ഇരിക്കാൻ ഗാലറിയും 1000 പേർക്ക് ഇരിക്കാൻ കസേരകളും തയ്യാറായിട്ടുണ്ട്. പ്രവേശനം സൗജന്യം.

സമാപനസമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. വിജയികൾക്ക് മുത്തൂറ്റ് ഫിൻകോർപ് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഉദീഷ് ഉല്ലാസ് സമ്മാനം നൽകും. ദേശീയ ചാമ്പ്യൻഷിപ്പിലേക്കുള്ള കേരള ടീമുകളെ തിരഞ്ഞെടുക്കുന്നത് ഈ മത്സരങ്ങളിൽ നിന്നാണ്.

എസ്.എൻ.വി സ്കൂൾ ഗ്രൗണ്ടിൽ നിർമ്മിക്കുന്ന ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിന്റെ കാൽനാട്ട് കർമ്മം എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണനും യൂണിയൻ സെക്രട്ടറിയും സ്കൂൾ മാനേജരുമായ ഹരി വിജയനും ചേർന്ന് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ബി. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ടി. ബിജോയ് ബാബു, ആൻഡ്രൂസ് കടുത്തൂസ്, പ്രിൻസിപ്പിൽ വി. ബിന്ദു, ഹെഡ്മാസ്റ്റർ സി.കെ. ബിജു, കണ്ണൻ കൂട്ടുകാട്, ജയദീപ്, പി. ദേവരാജൻ, ടി.ആർ. ബിന്നി തുടങ്ങിയവർ പങ്കെടുത്തു.