അങ്കമാലി:കറുകുറ്റി ഗ്രാമപഞ്ചായത്തിൽ പൊതുശ്മശാനം നിർമ്മിക്കുന്നതിന് അടിയന്തരമായി ഇടപെടണമെന്ന ആവശ്യമുന്നയിച്ച് പഞ്ചായത്തിലെ എൽ.ഡി.എഫ് അംഗങ്ങൾ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം. വി. ഗോവിന്ദന് നിവേദനം നൽകി. എറണാകുളം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അവലോകന യോഗത്തിൽ പങ്കെടുക്കാൻ കറുകുറ്റിയിലെത്തിയതായിരുന്നു മന്ത്രി. പഞ്ചായത്തിലെ ഒന്നാം വാർഡിൽ പാവക്കാട്ടുകുന്നിൽ എൽ.ഡി.എഫ് ഭരണസമിതി സ്ഥലം അളന്ന് തിരിച്ച് പദ്ധതി ആവിഷ്കരിച്ചതായിരുന്നു. തുടർന്ന് വന്ന കോൺഗ്രസ് ഭരണസമിതി പൊതുശ്മശാനമെന്ന ആവശ്യത്തോട് മുഖം തിരിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ജോണി മൈപ്പാൻ പറഞ്ഞു.