മൂവാറ്റുപുഴ: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ 28,29 ന് നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിന്റെ മുന്നോടിയായി അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതിയുടെയും ആക്ഷൻ കൗൺസിലിന്റെയും നേതൃത്വത്തിൽ ജില്ലയിൽ ജീവനക്കാരും അദ്ധ്യാപകരും കളക്ടർക്കും താലൂക്കുകളിൽ തഹസീൽദാർക്കും പണിമുടക്ക് നോട്ടീസ് നൽകി. ദേശീയ പെൻഷൻ പദ്ധതി പിൻവലിക്കുക, കരാർ പുറംകരാർ കാഷ്വൽ നിയനങ്ങൾ അവസാനിപ്പിക്കുക, ലേബർ കോഡുകളും പ്രതിരോധ മേഖലയിലെ പണിമുടക്ക് നിരോധന നിയമവും പിൻവലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. മുവാറ്റുപുഴയിൽ ജോയിന്റ് കൗൺസിൽ സെക്രട്ടറിയേറ്റ് അംഗം സി.എ അനീഷ് യോഗം ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം രാജമ്മ രഘു, ജോയിന്റ് കൗൺസിൽ ജില്ലാ ട്രഷറർ കെ.കെ.ശ്രീജേഷ്, എൻ.ജി.ഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി എസ്. ഉദയൻ, കെ.ജി.ഒ.എ ജില്ലാ പ്രസിഡന്റ് ഡോ. ബോബി പോൾ , കെ.എസ്.ടി.എ. ജില്ലാ സെക്രട്ടറി ഏലിയാസ് മാത്യു, കെ.ജി.ഒ.എഫ് താലൂക്ക് സെക്രട്ടറി ഡോ: കൃഷ്ണദാസ്, എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എം. മുനീർ, ഏരിയാ സെക്രട്ടറി ടി.വി. വാസുദേവൻ, കെ.എസ്. ടി.എ. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബെന്നി തോമസ്, ജോയിന്റ് കൗൺസിൽ മേഖല സെക്രട്ടറി അനൂപ് കുമാർ എം.എസ് എന്നിവർ പങ്കെടുത്തു. പണിമുടക്ക് നോട്ടീസ് മൂവാറ്റുപുഴ ഭൂരേഖ തഹസിൽദാർക്ക് നൽകി.