കൊച്ചി: ശബരിമലയിൽ മീനമാസപൂജയ്ക്കും ഉത്സവത്തിനും ദിനംപ്രതിയുള്ള എണ്ണം നിയന്ത്രിക്കാതെ ഭക്തരെ കടത്തിവിടുമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. നിലവിൽ പ്രതിദിനം 15,000 ഭക്തർക്ക് പ്രവേശനം എന്ന വ്യവസ്ഥയാണ് മാറ്റുന്നത്. കൊവിഡ് വ്യാപനത്തിൽ കുറവുവന്ന സാഹചര്യത്തിൽ ഭക്തരുടെ എണ്ണത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് ശബരിമല സ്പെഷ്യൽ കമ്മിഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് ഇത്തരമൊരു തീരുമാനം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എടുത്തതായി സർക്കാർ വിശദീകരിച്ചത്.
രണ്ടു ഡോസ് വാക്സിൻ എടുത്തവർ ദർശനത്തിനെത്തുമ്പോൾ ആർ.ടി.പി.സി.ആർ പരിശോധന നടത്തേണ്ടതില്ല. വാക്സിൻ എടുക്കാത്തവർക്ക് നിലയ്ക്കലിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്താനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. അതേസമയം എണ്ണംനോക്കാതെ ഭക്തരെ കടത്തിവിടുമെന്ന നിലവിലെ തീരുമാനം കൊവിഡ്‌വ്യാപനം കൂടിയാൽ മാറ്റും.
ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻബെഞ്ച് ഈ വിശദീകരണം രേഖപ്പെടുത്തി ഹർജി തീർപ്പാക്കി. മീനമാസ പൂജയ്ക്കായി മാർച്ച് 19 വരെയാണ് നട തുറന്നിരിക്കുന്നത്.