കൊച്ചി: മുല്ലശേരി കനാൽ നവീകരണത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്ന ഫാഷൻ സ്ട്രീറ്റിലെ കച്ചവടക്കാരെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമുള്ള അംബേദ്‌കർ സ്റ്റേഡിയത്തിലേക്ക് മാറ്റും. ഇവർക്കുള്ള കടമുറികൾ ഒരുങ്ങിക്കഴിഞ്ഞു. സ്റ്റേഡിയത്തോടുചേർന്നാണ് പുതിയ കടമുറികൾ നിർമ്മിച്ചിട്ടുള്ളത്. മുല്ലശേരി കനാലിനുമുകളിലെ ഷെഡ്ഡുകളിൽ കച്ചവടം നടത്തിവരുന്ന റെഡിമെയ്ഡ് വസ്ത്രവ്യാപാരികൾ ഉൾപ്പെടെ 74 കച്ചവടക്കാരെയാണ് ഇവിടേക്ക് മാറ്റുന്നത്.
നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള പദ്ധതിയുടെ ഭാഗമായി മുല്ലശേരി കനാൽ നവീകരിക്കാനാണ് കച്ചവടക്കാരെ ഒഴിപ്പിക്കുന്നത്. വർഷങ്ങൾക്കുമുമ്പ് കോർപ്പറേഷനാണ് ഇവിടെ കച്ചവടക്കാരെ പുനരധിവസിപ്പിച്ചത്. കൈയേറ്റവും മറ്റു തടസ്സങ്ങളും ഒഴിവാക്കി മുല്ലശേരി കനാൽ നവീകരിക്കാൻ ഹൈക്കോടതി ഇടപെട്ടിരുന്നു. തുടർന്നാണ് കൈയേറ്റം ഒഴിപ്പിച്ച് ആഴവും വീതിയുംകൂട്ടി കനാൽ നവീകരിക്കാൻ തീരുമാനിച്ചത്. കച്ചവടക്കാരെ മഹാരാജാസ് കോളേജ് മൈതാനത്തേക്ക് താത്കാലികമായി പുനരധിവസിപ്പിക്കാൻ ആലോചിച്ചിരുന്നു. എന്നാൽ ഇതിനെതിരെ വിദ്യാർത്ഥികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് ജി.സി.ഡി.എ അധികൃതരുമായി ആലോചിച്ചാണ് കോർപ്പറേഷൻ ഈ സ്ഥലം നിശ്ചയിച്ചത്. അംബേദ്കർ സ്റ്റേഡിയം പരിസരത്തേക്ക് മാറാൻ കച്ചവടക്കാരും സന്നദ്ധരായി.
ഇരുമ്പിൽ നിർമ്മിച്ച കടകളുടെ മുകളിലും വശങ്ങളിലും ഷീറ്റിട്ട് മറച്ചിട്ടുണ്ട്. കച്ചവടക്കാരുമായി സംസാരിച്ച് പുതിയ സ്ഥലത്തേക്ക് മാറുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് മേയർ എം . അനിൽകുമാർ പറഞ്ഞു

കമ്മട്ടിപ്പാടത്തുനിന്നുള്ള നീരൊഴുക്ക് തടസ്സപ്പെട്ട നിലയിൽ

കൊച്ചി: വെള്ളം പുറത്തേക്ക് ഒഴുകിപ്പോകാനുള്ള മാർഗങ്ങൾ അടഞ്ഞുപോയതാണ് കമ്മട്ടിപ്പാടത്തെ വെള്ളക്കെട്ടിന് കാരണമെന്ന് റിപ്പോർട്ട്. ഹൈക്കോടതി ഇടപെടലിനെത്തുടർന്ന് കളക്ടറുടെ നിർദ്ദേശപ്രകാരം ജലസേചനവകുപ്പ് സെൻട്രൽ സർക്കിളാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കമ്മട്ടിപ്പാടത്തെ വെള്ളക്കെട്ട് ശാശ്വതമായി പരിഹരിക്കാനുള്ള നിർദ്ദേശങ്ങളടങ്ങിയ റിപ്പോർട്ട് കോടതിക്കും കളക്ടർക്കും സമർപ്പിച്ചതായി സൂപ്രണ്ടിംഗ് എൻജിനീയർ ബാജിചന്ദ്രൻ അറിയിച്ചു. മഴവെള്ളം ഒഴുക്കിക്കളയാനുണ്ടായിരുന്ന സംവിധാനങ്ങൾ വിവിധ നിർമാണങ്ങളുടെ ഭാഗമായി ഇല്ലാതാകുകയോ തടസ്സപ്പെടുകയോ ചെയ്തു. റെയിൽപ്പാതകൾ മുറിച്ചുപോകുന്ന വടക്കുഭാഗത്ത് കനാലിന്റെ വീതികുറവും അസ്വാഭാവിക വളവുമാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. ഇവിടെ 1. 2 മീറ്റർമാത്രമാണ് കനാൽവീതി. വീതികുറഞ്ഞ റെയിൽവേ കൽവർട്ടിലൂടെയാണ് കനാൽഭാഗങ്ങളെ ബന്ധിപ്പിച്ചിട്ടുള്ളത്. ഇവിടെ 81 മീറ്റർ നീളമുള്ള അസ്വാഭാവിക വളവിലൂടെ വേണം വെള്ളമൊഴുകാൻ. റെയിൽപ്പാതയ്ക്ക് ഇരുപുറത്തും കനാലിനെ പുഷ്ത്രൂ മാതൃകയിൽ നേർരേഖയിൽ ബന്ധിപ്പിക്കലാണ് പരിഹാരം. അപ്പോൾ കനാൽനീളം പകുതിയായി കുറയും.

മഴവെള്ളത്തിന് ഒഴുകാൻ വഴിയില്ല
കിഴക്ക് പേരണ്ടൂർ കനാലിലേക്ക് മഴവെള്ളം ഒഴുക്കിവിടാനുള്ള മാർഗമില്ല. മുല്ലശേരി കനാൽ ജംഗ്ഷനിൽനിന്ന് റെയിൽപ്പാതയ്ക്ക് സമാന്തരമായി കോർപ്പറേഷൻ നിർമ്മിച്ച കാനയുണ്ട്. വടക്ക് റെയിൽ കൽവർട്ടിന് 150 മീറ്റർ അകലെ തീരുന്ന കാന പേരണ്ടൂർ കനാൽവരെ നീട്ടണം. ഈ ഭാഗത്ത് വാട്ടർഅതോറിട്ടിയുടെ മൂന്ന് കുഴലുകളും കനാലിനടിയിലൂടെ പോകുന്നു. ഇത് നീക്കിയാൽ കെ.എസ്.ആർ.ടി. സി, സൗത്ത് റെയിൽവേ സ്‌റ്റേഷൻ ഭാഗത്തെ വെള്ളക്കെട്ട് പരിഹരിക്കാം.