1
ആൻലിയ

കുമ്പളങ്ങി: യുദ്ധഭൂമിയിൽ നിന്ന് കൊടുംയാതനകൾ സഹിച്ച് സ്വന്തംവീട്ടിൽ എത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കുമ്പളങ്ങി സ്വദേശിനി ആൻലിയ മാക് മില്ലൻ. വി.എൻ കരസിൻ കർവ് നാഷണൽ യൂണിവേഴ്സിറ്റിയിലെ രണ്ടാംവർഷ മെഡിസിൻ വിദ്യാർത്ഥിനിയാണ് ആൻലിയ. ബോംബ് സ്ഫോടന ശബ്ദങ്ങളും മിസൈൽ വർഷങ്ങളും കണ്ട് നാട് കാണാൻ കഴിയുമോ എന്ന ആശങ്കയിൽ ആറുദിവസമാണ് ബങ്കറിൽ കഴിഞ്ഞത്. പൊടിനിറഞ്ഞ ബങ്കറിൽ കൊടുംതണുപ്പിൽ വെള്ളവും ഭക്ഷണവും ഉറക്കവുമില്ലാതെയാണ് കഴിച്ചുകൂട്ടിയത്.

ജീവനും കൊണ്ടുള്ള ഓട്ടത്തിനിടയിൽ പാസ്പോർട്ട്, ലാപ് ടോപ്പ്, ഐ പാഡ്, രണ്ട് മൊബൈലുകൾ, രണ്ട് പവർ ബാങ്കുകൾ , സ്റ്റുഡന്റ് കാർഡ് ,ക്രഡിറ്റ് ബുക്ക്, റസിഡന്റ് കാർഡ് എന്നിവ നഷ്ടപ്പെട്ടു. ഡൽഹിയിൽനിന്ന് കേരള സർക്കാരിന്റെ സഹായത്തോടെ വിമാനമാർഗം കൊച്ചിയിലെത്തി. മേക് വേ ഏജൻസിയും ഒത്തിരി സഹായിച്ചു. വീട്ടിലെത്തിയ സന്തോഷം ഉണ്ടെങ്കിലും തുടർ പഠനത്തിന്റെ കാര്യത്തിൽ വലിയ ആശങ്കയാണ് ആൻലിയ പങ്കു വയ്ക്കുന്നത്. കുമ്പളങ്ങി പന്നപ്പള്ളി മാക് മിലൻ - ജേക്കബ് പ്രിൻസ് ദമ്പതികളുടെ മകളാണ് ആൻലിയ. വീട്ടുകാർ ലോൺ എടുത്തും കടം വാങ്ങിയുമാണ് മകളെ ഡോക്ടറാക്കാൻ യുക്രെയിനിലേക്ക് അയച്ചത്. എന്നാൽ യുദ്ധം പ്രതീക്ഷകൾ തകിടംമറിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുടർപഠനത്തിന് സഹായകകരമായ നടപടികൾ സ്വീകരിക്കണമെന്നാണ് ഈ കുടുംബത്തിന്റെ അപേക്ഷ.