 
കൊച്ചി: സംസ്ഥാനത്ത് സൗജന്യ ഇന്റർനെറ്റ് നൽകുന്ന കെ- ഫോൺ പദ്ധതിയിൽ കേബിൾ ടിവി ഓപ്പറേറ്റർമാരെക്കൂടി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാനസമ്മേളനം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവരസാങ്കേതികവിദ്യകൾ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ കേരളത്തിലെ കേബിൾ ടിവി ഓപ്പറേറ്റർമാർ വലിയ പങ്കുവഹിക്കുന്നുണ്ട്. നാടിന്റെ പൊതുവായ നന്മയ്ക്കായി കേബിൾ ടിവി ഓപ്പറേറ്റർമാർ മാതൃകാപരമായാണ് പ്രവർത്തിക്കുന്നത്. കൊവിഡ് കാലത്ത് പ്രതിസന്ധിയിലായ വിദ്യാഭ്യാസ മേഖലയിൽ ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കാൻ കഴിഞ്ഞത് ഇവരുടെ പിന്തുണകൊണ്ട് കൂടിയാണ്. വിവരവിനിമയ രംഗത്തേക്ക് കൂടുതൽ വിദേശകുത്തകകൾ കടന്നുവരുന്ന സാഹചര്യത്തിൽ ഈ മേഖലയിൽ ജാഗ്രതയോടെയുളള ഇടപെടൽ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യവസായമന്ത്രി പി. രാജീവ് മുഖ്യാതിഥിയായിരുന്നു.
പ്രസിഡന്റ് അബൂബക്കർ സിദ്ദീഖ് അദ്ധ്യക്ഷത വഹിച്ചു. മേയർ അഡ്വ. എം. അനിൽകുമാർ, സ്വാഗതസംഘം ജനറൽ കൺവീനർ സി.ആർ. സുധീർ, ബിനു ശിവദാസ്, കെ. വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.
പ്രതിനിധി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി കെ.വി. രാജൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി.എസ്. സിബി സാമ്പത്തികറിപ്പോർട്ടും അവതരിപ്പിച്ചു.
260 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. വൈറ്റില സൻമാർഗപ്രദീപയോഗം സെന്റിനറി ഹാളിൽ നടക്കുന്ന സമ്മേളനം ഇന്ന് സമാപിക്കും.