വൈപ്പിൻ: ഞാറക്കൽ ഗ്രാമ പഞ്ചായത്തിലെ പശ്ചാത്തല സൗകര്യ വികസനത്തിന് മുതൽക്കൂട്ടായി വിവിധ പദ്ധതികൾ. ആധുനിക മാനദണ്ഡങ്ങൾ പാലിച്ച് നിർമ്മാണം പൂർത്തിയാക്കിയ പുറത്തിയാട് റോഡ് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. നാടിന് സമർപ്പിച്ചു. മുട്ടത്തിൽ പുതുശ്ശേരി റോഡിന്റെ നിർമ്മാണോദ്ഘാടനവും എം.എൽ.എ. നിർവ്വഹിച്ചു.
11 കോടിരൂപയുടെ വികസന പ്രവർത്തനങ്ങൾ ഞാറക്കലിൽ നടക്കുന്നുണ്ടെന്ന് കെ. എൻ. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. സർക്കാർ ആശുപത്രിയിൽ ഒന്നേകാൽ കോടി രൂപ ചെലവിൽ ഐസൊലേഷൻ വാർഡ് നിർമ്മാണവും അഞ്ചുകോടിയുടെ പൊതു വികസന പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. രണ്ട് കോടി രൂപ വിനിയോഗിച്ച് വികസിപ്പിച്ച വനിതാവാർഡ് ഉടൻ തുറക്കും. മഞ്ഞനക്കാട് കോളനി പ്രളയാനന്തര നവീകരണ റോഡ് നിർമ്മാണ പ്രവൃത്തികൾക്കും കുടിവെള്ള സംഭരണി പൂർത്തീകരണത്തിനും നടപടിയായിട്ടുണ്ട്.
മഞ്ഞനക്കാട് സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തിന് സമീപം നടന്ന ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ടി. ടി. ഫ്രാൻസിസ് അധ്യക്ഷനായി. ഹാർബർ എൻജിനിയറിംഗ് എ.ഇ. സുബിൻ ജോർജ് പദ്ധതികൾ വിശദീകരിച്ചു. വൈസ് പ്രസിഡന്റ് മിനി രാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിൽഡ റിബരോ, എം. എം. രതീഷ്, എ. സി. പ്രതാപൻ, മുൻ പഞ്ചായത്ത് അംഗങ്ങളായ കെ. എം. ദിനേശൻ, എ. എ. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.