ആലുവ: ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിൽ ഭൂരഹിത ഭവന പദ്ധതിക്ക് മുൻഗണന നൽകുന്ന ബഡ്ജറ്റ് അവതരിപ്പിച്ചു. ഭൂരഹിത ഭവന പദ്ധതിക്ക് ഭൂമി കണ്ടെത്തുവാൻ 50 ലക്ഷം രൂപയും ദൂരഹിത ഭവന നിർമ്മാണത്തിന് 30ലക്ഷം രൂപയും നീക്കിവച്ചു. 27,05,48825 രൂപ വരവും 25,80,55120 രൂപ ചിലവും 1,24,93705 രൂപ നീക്കിയിരിപ്പുമുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്.

കട്ടേപ്പാടത്ത് 50 ഏക്കറിൽ കൃഷി വ്യാപിപ്പിക്കുവാൻ 42.85 ലക്ഷം, അംങ്കണവാടികൾക്ക് ഭൂമി വാങ്ങാൻ 50ലക്ഷം, അംങ്കണവാടികൾക്കായി 44.10ലക്ഷം, ജൈവ മാലിന്യ സംസ്‌കരണം 20 ലക്ഷം, എൽ.ഇ.ഡി സ്ഥാപിക്കുവാൻ 30ലക്ഷം, കുടിവെള്ളം 25ലക്ഷം, വനിത - ശിശു 31.43 ലക്ഷം തുടങ്ങിയവയ്ക്കാണ് പ്രധാനമായും തുക നീക്കിവച്ചിട്ടുള്ളത്.

വൈസ് പ്രസിഡൻറ് ബാബു പുത്തനങ്ങാടി ബ‌ഡ്ജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് രാജി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ മുഹമ്മദ് ഷെഫീക്, റൂബി ജിജി, ഷീലാ ജോസ്, സെക്രട്ടറി പി.കെ. മഹേഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു. ബഡ്ജറ്റ് ചർച്ച വ്യാഴാഴ്ച്ച നടക്കും.