മരട്: 'എന്റെ മരട് ക്ലീൻ മരട്' പദ്ധതിയുടെ ഭാഗമായി മരട് നഗരസഭയും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായി അക്വാപോണിക്സ് മത്സ്യകൃഷിക്ക് തുടക്കം കുറിച്ചു. ആദ്യഘട്ടമായി 27-ാം ഡിവിഷനിലെ എട്ടു കുടുംബങ്ങളിലാണ് അക്വാപോണിക്സ് മത്സ്യകൃഷി ആരംഭിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി 27-ാം ഡിവിഷൻ പുറക്കേലി റോഡ് മുട്ടുങ്കൽ ജോസഫിനയുടെ വസതിയിൽ വെച്ച് ഡിവിഷൻ കൗൺസിലർ സീമ ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിൽ ആദ്യ യൂണിറ്റ് ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഡി.രാജേഷ്, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എസ്.ചന്ദ്രകലാധരൻ, മുനിസിപ്പൽ എൻജിനീയർ എം.കെ.ബിജു, എ.യു.ഇ.ജി.എസ് ഓവർസിയർ മേരി നീമ, മെട്രോ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് കെ.ജി.ആന്റണി, ഫാക്കൽറ്റി ജി.രമേഷ് കുമാർ എന്നിവർ സംസാരിച്ചു. റോസിലി സാബു, ശ്രുതി ജയരാജ്, ജോസഫ്, ജോണി, ജോസഫിന, ജോജോ, ജിജോ എന്നിവർ സന്നിഹിതരായിരുന്നു. വീട്ടുമുറ്റത്തു സ്ഥാപിക്കുന്ന അക്വാപോണിക്സ് യൂണിറ്റിലൂടെ ഗിഫ്റ്റ് തിലോപ്പി മത്സ്യവും വ്ളാത്താങ്കര ചീരയുമാണ് ആദ്യഘട്ടത്തിൽ കൃഷി ചെയ്യുന്നത്. ഈ സാമ്പത്തിക വർഷത്തിൽ 58 ഗുണഭോക്താക്കൾക്കാണ് അക്വാപോണിക്സ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.