ആലുവ: ബൈക്കിന് ബോധപൂർവ്വം സൈഡ് നൽകിയില്ലെന്നാരോപിച്ച് കാർ യാത്രികനായ ആലുവ നഗരസഭ പ്രതിപക്ഷ നേതാവിന്റെ മകനെ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് ക്രൂരമായി മർദ്ദിച്ചതായി പരാതി. സംഭവത്തിൽ തോട്ടക്കാട്ടുകര മാടവന വീട്ടിൽ രാഹുൽ മണി (32)യെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ ഉച്ചയോടെ ആലുവ ഫയർസ്റ്റേഷൻ റോഡിൽ പഴയ മാർക്കറ്റിലേക്ക് തിരിയുന്ന ഭാഗത്താണ് സംഭവം. നഗരസഭ പ്രതിപക്ഷ നേതാവ് ഗെയിൽസ് ദേവസി പയ്യപ്പിള്ളിയുടെ മകൻ ദേവ് ദേവസി (20)നെയാണ് രാഹുൽ മർദ്ദിച്ചത്. വലതുകൈയുടെ എല്ലിൽ പൊട്ടലുണ്ടായതിനെ തുടർന്ന് ദേവിനെ ആലുവയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേവ് സഞ്ചരിച്ച കാർ മാർക്കറ്റ് വളവ് തിരിയുന്നതിനിടെ എൻജിൻ നിന്നു. വീണ്ടും സ്റ്റാർട്ടാക്കുന്നതിനിടെ പിന്നിൽ വന്ന രാഹുലുമായി തർക്കത്തിലായി. തുടർന്നായിരുന്നു മർദ്ദനം.

സി.പി.എം സ്വതന്ത്രനായി നഗരസഭയിലേക്ക് ജയിച്ച ഗെയിൽസ് മുന്നണിയുടെ ചെയർമാൻ സ്ഥാനാർത്ഥിയായും മത്സരിച്ചിരുന്നു. സി.പി.എം നേതാക്കൾ കേസ് ഒഴിവാക്കുന്നതിനായി ശ്രമിച്ചെങ്കിലും ഗെയിൽസ് ദേവസി വഴങ്ങിയില്ല. ഇതേതുടർന്ന് കസ്റ്റഡിയിലെടുത്ത് ഏറെ സമയത്തിന് ശേഷമാണ് പൊലീസ് അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്.