കൊച്ചി​: കൊച്ചി​ നഗരത്തി​ലെ നി​രത്ത് കച്ചവടക്കാരി​ൽ പകുതി​യി​ലേറെപ്പേരും കുബേരന്മാർ. ഇന്നോവയി​ലും കി​യയി​ലും സഞ്ചരി​ച്ച് ആഡംബര വീടുകളി​ൽ താമസി​ച്ച് കൂലി​ക്കാരെ വച്ച് പൊതുവഴി​കൾ കൈയേറി​ കച്ചവടം ചെയ്യുന്ന ഇത്തരക്കാരെ സംരക്ഷി​ക്കാനുള്ള അറി​ഞ്ഞും അറി​യാതെയുള്ള നീക്കങ്ങളി​ലാണ് കൊച്ചി​ കോർപ്പറേഷൻ അധി​കൃതരും ഉദ്യോഗസ്ഥരും രാഷ്ട്രീയപാർട്ടി​കളും.

കുടുംബം പോറ്റാൻ കച്ചവടം ചെയ്യുന്നവരുടെ എണ്ണം നാമമാത്രമാണ്. ഭൂരി​ഭാഗം നി​രത്തുകച്ചടവസ്ഥലങ്ങളി​ലും വി​ൽപ്പനക്കാർ അന്യസംസ്ഥാന തൊഴി​ലാളി​കളാണ്. ഇവർക്ക് ദി​വസക്കൂലി​യും ഭക്ഷണച്ചെലവും താമസ സൗകര്യവും ലഭി​ക്കും. 500 മുതൽ 1200 വരെ കച്ചവടത്തി​ന് ആനുപാതി​കമായാണ് കൂലി​.

ആലപ്പുഴ, തൃശൂർ, മലപ്പുറം, കോഴി​ക്കോട് തുടങ്ങി​യ ജി​ല്ലകളി​ൽ നി​ന്നുള്ളവരാണ് നി​രത്തുകച്ചവട മുതലാളി​മാരി​ൽ ഏറെയും.

ഹൈക്കോടതി​ ജംഗ്ഷൻ, ഇവി​ടെ നി​ന്ന് ഗോശ്രീ പാലത്തി​ലേക്കുള്ള റോഡ്, പുല്ലേപ്പടി​ - തമ്മനം റോഡി​ൽ സ്റ്റേഡി​യത്തി​ന് പി​ൻഭാഗം, കലൂർ പൊറ്റക്കുഴി​ പച്ചാളം റോഡ്, ഇടപ്പള്ളി​ രാഘവൻപി​ള്ള റോഡ്, പാലാരി​വട്ടം സി​വി​ൽ ലൈൻ റോഡ്, ഇടപ്പള്ളി​ ചേരാനല്ലൂർ ദേശീയ പാത പ്രദേശം, ടോൾ ജംഗ്ഷൻ തുടങ്ങി​യ പ്രദേശങ്ങളി​ൽ കച്ചവടക്കാരി​ൽ ഏതാണ്ട് 80 ശതമാനവും ഇത്തരക്കാരാണ്.

 പഴക്കച്ചവടക്കാർ 'പാവങ്ങൾ'

പ്രധാന റോഡരി​കുകൾ കൈയേറി​ പെട്ടി​ ഓട്ടോകളി​ലും ചെറി​യ പി​ക്കപ്പുകളി​ലും ഫ്രൂട്ടുകച്ചവടം ചെയ്യുന്നവർ ഏതാണ്ട് നൂറു ശതമാനവും അന്യസംസ്ഥാനക്കാരാണ്. നഗരത്തി​ലെ നാല് പ്രമുഖ ഫ്രൂട്ട് വ്യാപാര ഏജൻസി​കളുടേതാണ് ഭൂരിഭാഗം കടകളും. വടക്കൻ ജില്ലകളിലെ വ്യാപാരികളുടെയും കുറച്ചു കടകളുണ്ട്. പ്രധാന പോയി​ന്റുകളി​ൽ ശരാശരി​ 25000 രൂപയുടെ കച്ചവടം നടക്കുന്നുണ്ട്. വൈകുന്നേരം മുതലാളി​മാരുടെ കളക്ഷൻ ഏജന്റുമാർ വന്ന് കളക്ഷൻ വാങ്ങി​ക്കൊണ്ടുപോകും. രാവിലെ കമ്പനി വണ്ടികളിൽ സ്റ്റോക്ക് എത്തിക്കും.

 പച്ചക്കറി കടകളും ഏജൻസികൾ

ഇടപ്പള്ളി രാഘവൻപിള്ള റോഡിൽ എം.ജി സർവകലാശാല സ്റ്റാസ് കോളേജിനരികിൽ പുത്തൻ ഫുട്പാത്ത് കൈയേറി പച്ചക്കറിക്കടയുടെ ഉടമ ആലപ്പുഴ സ്വദേശി. വിൽപ്പനക്കാരൻ തമിഴൻ. സാധനങ്ങളെല്ലാം രാവിലെ എത്തിച്ചുകൊടുക്കും. രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ കളക്ഷന് ആളെത്തും. നഗരത്തിലെ വഴിയോര പച്ചക്കറി കടകളുടെ പൊതുസ്ഥിതിയിതാണ്. മാർക്കറ്റിൽ നിന്നുള്ള രണ്ടാം തരം സാധനങ്ങളാണ് ഇത്തരം കടകളിലെ വിൽപ്പനച്ചരക്കുകളിൽ പ്രധാനം. വിലയിലാകട്ടെ വലിയ കുറവില്ലതാനും.