ksum

കൊച്ചി: അഭ്യസ്തവിദ്യരായ 1,000 വനിതകൾക്ക് നാനോ സ്റ്റാർട്ടപ്പുകൾ ആരംഭിക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷൻ വിദഗ്ദ്ധ പരിശീലനം നൽകും. കേരള വിമൻ ഇൻ നാനോ സ്റ്റാർട്ടപ്പ് പ്രോഗ്രാം (കെവിൻസ്) പദ്ധതിയിലൂടെയാണ് പരിശീലനം നൽകി ചെറുകിട സംരംഭങ്ങൾ ആരംഭിക്കാൻ വനിതകളെ സജ്ജരാക്കുക.

പ്രാഥമികമായ സാങ്കേതിക പരിജ്ഞാനമുള്ളവർക്ക് നൈപുണ്യവികസനത്തിന് ഏറ്റവും മുതൽക്കൂട്ടാവുന്ന പദ്ധതിയാണിതെന്ന് സ്റ്റാർട്ടപ്പ് മിഷൻ അധികൃതർ പറഞ്ഞു. നൈപുണ്യശേഷി വർദ്ധിപ്പിക്കുന്നതിലൂടെ മെച്ചപ്പെട്ട ജോലി, പുതിയ സംരംഭം, ഉദ്യോഗക്കയറ്റം, വർക്ക് ഫ്രം ഹോം സാദ്ധ്യതകൾ മുതലായവ വനിതകൾക്ക് ഉപയോഗപ്പെടുത്താൻ കഴിയും.

വീട്ടിലിരുന്ന് സൗകര്യപ്രദമായ സമയക്രമത്തിൽ ജോലി ചെയ്യാൻ കഴിയുന്ന പരിശീലനമാണ് നൽകുക. വീട്ടിൽ സൗകര്യമില്ലാത്തവർക്ക് രണ്ട് ഇൻകുബേറ്ററുകളോ സൗകര്യങ്ങളോടെയുള്ള ജോലിയിടങ്ങോ ഒരുക്കും. പരിശീലനം ലഭിച്ച വനിതകൾക്ക് തൊഴിലവസരങ്ങൾ ലഭിക്കുന്നതിനുള്ള പൊതുസംവിധാനം സൃഷ്ടിക്കാനും പദ്ധതിയുണ്ട്. ഭാവിയിൽ 10,000 വനിതകൾക്ക് പരിശീലനം നൽകാനും ലക്ഷ്യമുണ്ട്.

ഒരുവർഷം കൊണ്ടാണ് ആയിരം വനിതകൾക്ക് പരിശീലനം നൽകുന്നത്. സാമൂഹ്യമാദ്ധ്യമങ്ങൾ, പൂർവവിദ്യാർത്ഥി സംഘടനകൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവ വഴിയാണ് അർർഹരായവരെ തിരഞ്ഞെടുക്കുക. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ കെ.എസ്.യുഎമ്മിന്റെ കാമ്പസുകളിൽ പരിശീലനക്ലാസുകൾ സംഘടിപ്പിക്കും.

ഹ്രസ്വകാല ദൈർഘ്യമുള്ള താത്കാലിക ജോലി അടിസ്ഥാമാക്കി പ്രവർത്തിക്കുന്ന ജിഗ് എക്കോണമിയാണ് പരിശീലന പരിപാടി ഉന്നംവയ്ക്കുന്ന പ്രധാന മേഖല. കോഡിംഗ്, ടെക്‌നിക്കൽ റൈറ്റിംഗ്, സോഫ്റ്റ്‌വെയറുകളുടെ ക്വാളിറ്റി അഷ്വറൻസ്, ടെസ്റ്റിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഉള്ളടക്കങ്ങൾ മുതലയാവയും പരിശീലനത്തിൽ ഉൾപ്പെടുത്തുന്നുണ്ട്.
ഇത്തരം ഹ്രസ്വജോലികൾ നൽകുന്ന സ്ഥാപനങ്ങളുടെ വിശദമായ ഡാറ്റ ബേസ് ഉണ്ടാക്കുകയും അവരുമായി പരിശീലനം സിദ്ധിച്ച വനിതകൾക്ക് ആശയവിനിമയം നടത്താനുള്ള പൊതുവേദിയും സ്റ്റാർട്ടപ്പ് മിഷൻ ഒരുക്കും.