കൊച്ചി: ഓൺലൈൻ ഭക്ഷണവിതരണത്തിന്റെ മറവിൽ മാരകമയക്കുമരുന്നായ എം.ഡി.എം.എ വില്പന നടത്തിയ കോട്ടയം കാഞ്ഞിരപ്പള്ളി തുമ്പമട സ്വദേശി ആറ്റിൻപുറംവീട്ടിൽ നിതിൻ രവീന്ദ്രനെ (26) എക്സൈസ് അറസ്റ്റുചെയ്തു. ഒരു ഗ്രാം എം.ഡി.എം.എയും ബൈക്കും പിടിച്ചെടുത്തു.
സമപ്രായക്കരെയാണ് രവീന്ദ്രൻ ലഹരിക്കെണിയിൽ വീഴ്‌ത്തിയിരുന്നത്. ഭക്ഷണം എത്തിക്കാനെന്ന പേരിൽ ഇടപാടുകാരുടെ നമ്പർ കൈക്കലാക്കും. പിന്നീട് സൗഹൃദം സ്ഥാപിച്ച് മയക്കുമരുന്നിന് അടിമകളാക്കും. പഠിക്കാൻ ഏകാഗ്രത കിട്ടുമെന്നും ബുദ്ധി വർദ്ധിക്കുമെന്നും തെറ്റിദ്ധരിപ്പിച്ച് മയക്കുമരുന്ന് കൈമാറും. ഗ്രാമിന് 3,000 രൂപയാണ് ഇടാക്കിയിരുന്നതെന്ന് എക്സൈസ് പറഞ്ഞു.
കെണിയിൽപ്പെട്ട വിദ്യാർത്ഥിനിയുടെ സുഹൃത്ത് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് ഷാഡോ സംഘം കലൂർ സ്‌റ്റേഡിയം റൗണ്ട് റോഡിൽ നിന്നാണ് പിടികൂടിയത്. റേവ് പാർട്ടികളിൽ ഉപയോഗിക്കുന്ന 'പാർട്ടി ഗ്രഡ് ' എന്നറിയപ്പെടുന്ന അതിമാരകമായ മെത്തലിൽ ഡയോക്‌സി മെത്താഫിറ്റമിനാണ് പിടികൂടിയത്. അരഗ്രാം വരെ കൈവശം വച്ചാൽ 10 വർഷം വരെ കഠിനതടവ് ലഭിക്കുന്ന കുറ്റകൃത്യമാണ്.
എറണാകുളം റേഞ്ച് ഇൻസ്‌പെക്ടർ എം എസ്. ഹനീഫയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ കെ.ആർ. രാംപ്രസാദ്, പ്രിവന്റീവ് ഓഫീസർ എസ്. സുരേഷ്‌കുമാർ, സിറ്റി മെട്രോ ഷാഡോയിലെ എൻ.ഡി. ടോമി, എൻ.ജി. അജിത്കുമാർ, സിവിൽ ഓഫീസർമാരായ ബി. ജിതീഷ്, കെ.എസ്. സൗമ്യ എന്നിവരുൾപ്പെട്ട സംഘം പിടികൂടിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.