 
പറവൂർ: കാതിക്കൂടം നീറ്റജലാറ്റിൻ കമ്പനിയിൽനിന്ന് കുഴൽമാർഗം ചാലക്കുടിയാറിലേക്ക് ആസിഡ് കലർന്ന വിഷമാലിന്യമൊഴുക്കാൻ കമ്പനിക്ക് സർക്കാരിന്റെ ഗ്രീൻചാനൽ അനുമതി. സാദ്ധ്യതാപഠന അനുമതിക്കെതിരെ പുത്തൻവേലിക്കര പഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷിയുടെ നേതൃത്വത്തിലുള്ള സർവ്വകക്ഷി സംഘം തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിവേദനം നൽകി. കമ്പനിക്ക് നൽകിയ താത്കാലിക അനുമതി അടിയന്തരമായി പുന:പരിശോധിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. വിഷജലമൊഴുക്കുന്നതിനെതിരെ പുത്തൻവേലിക്കര പഞ്ചായത്ത് ശക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. പഞ്ചായത്ത് ഇതിനുള്ള അനുമതി പലതവണ നിഷേധിച്ചിരുന്നു. വ്യവസായ സൗഹൃദ സംസ്ഥാനമെന്ന നിലയ്ക്കാണ് നീറ്റജലാറ്റിന് വിഷജലമൊഴുക്കാൻ സർക്കാർ അനുമതി നൽകാൻ തയ്യാറായിട്ടുള്ളത്.
 കുടിവെള്ളംമുട്ടും
പുത്തൻവേലിക്കര പഞ്ചായത്തിലെ ചൗക്കക്കടവിലേക്ക് വിഷജലം ഒഴുക്കാനാണ് കമ്പനി പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. പുത്തൻവേലിക്കര പഞ്ചായത്തിലെ ജനങ്ങൾക്ക് കുടിവെള്ളം എത്തിച്ചു കൊണ്ടിരിക്കുന്ന കണക്കൻകടവ് പുഴയിൽ നിന്നാണ്. കുടിവെള്ളത്തിൽ വിഷമാലിന്യം കലരുന്നതോടെ ജനങ്ങളുടെ കുടിവെള്ളം മുട്ടും. മത്സ്യസമ്പത്തിനുണ്ടാകാൻ പോകുന്നത് കൂട്ടക്കുരുതിയായിരിക്കും. പുത്തൻവേലിക്കരയടക്കം നാല് പഞ്ചായത്തുകളിലെ കൃഷിയേയും ബാധിക്കും. വിഷജലം ഒഴുക്കുന്നതിനെതിരെ കഴിഞ്ഞവർഷം സമരസമതി രൂപീകരിച്ച് മുഖ്യമന്ത്രിക്ക് പതിനായിരം പേർ ഒപ്പിട്ട ഭീമഹർജി നൽകിയിരുന്നു.
സർവ്വകക്ഷി സംഘത്തിന്റെ നിവേദനം മുഖ്യമന്ത്രിക്കായി പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷ് ഏറ്റുവാങ്ങി. തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ, വ്യവസായ മന്ത്രി പി. രാജീവ്, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർക്കും നൽകിയിട്ടുണ്ട്.. പഞ്ചായത്തിന്റേയും ജനങ്ങളുടേയും ആശങ്കകൾ ദുരീകരിച്ച് മാത്രമാകും കമ്പനിക്ക് അനുവാദം നൽകുകയെന്നും ഇതു സംബന്ധിച്ച വിശദമായ പരിശോധനകൾക്കായി ഇറിഗേഷൻ വകുപ്പ് ചീഫ് എൻജിനിയറെ ചുമതലപ്പെടുത്തുമെന്നും മന്ത്രിമാർ ഉറപ്പ് നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി പറഞ്ഞു. എം.എം. കരുണാകരൻ, എ.എൻ. രാധാകൃഷ്ണൻ, ഫ്രാൻസിസ് വലിയപറമ്പിൽ, ഡൂയി ജോൺ, സുമ സോമൻ എന്നിവരും സർവ്വകക്ഷി സംഘത്തിലുണ്ടായിരുന്നു.