kerala-high-court

കൊച്ചി: പിതാവ് പീഡിപ്പിച്ച് ഗർഭിണിയാക്കിയ പത്തുവയസുകാരിയുടെ ഗർഭച്ഛിദ്രം നടത്താൻ അനുമതി തേടിയുള്ള ഹർജി അനുവദിച്ച ഹൈക്കോടതി, ഗർഭസ്ഥ ശിശുവിന്റെ വളർച്ച 31 ആഴ്ച പിന്നിട്ട സാഹചര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കാൻ ആശുപത്രി അധികൃതർക്ക് അനുമതി നൽകി. കുഞ്ഞിന്റെ വളർച്ച നിശ്ചിതപരിധി കഴിഞ്ഞതിനാൽ കുഞ്ഞിനെ പുറത്തെടുക്കാൻ ശസ്ത്രക്രിയ നടത്തേണ്ടിവരുമെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് ഒരാഴ്ചയ്ക്കകം ഉചിതമായ നടപടിയെടുക്കാൻ തിരുവനന്തപുരത്തെ ആശുപത്രിക്ക് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണന്റെ ബെഞ്ച് അനുമതി നൽകിയത്.


നിലവിലെ നിയമപ്രകാരം 24 ആഴ്ചവരെ വളർച്ചയുള്ള ഗർഭമേ അലസിപ്പിക്കാനാകൂ. ഈ സമയപരിധി കഴിഞ്ഞതിനാലാണ് അനുമതി തേടി പെൺകുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്. പത്തു വയസുകാരിയായതിനാൽ ഗർഭാവസ്ഥ കൂടുതൽ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും ശിശുവിന്റെ വളർച്ച 31 ആഴ്ച പിന്നിട്ടതിനാൽ അബോർഷൻ നടത്തിയാലും കുഞ്ഞ് ജീവനോടെയിരിക്കാനുള്ള സാദ്ധ്യത 80 ശതമാനമാണെന്നും മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിൽ പറയുന്നു.

ആവശ്യമെങ്കിൽ ആശുപത്രി അധികൃതർക്ക് മെഡിക്കൽ സ്പെഷ്യലിസ്റ്റുകളുടെ സഹായംതേടാമെന്ന് കോടതി നിർദ്ദേശിച്ചു. ഇതിനായി ഹെൽത്ത് സർവീസ് ഡയറക്ടർ വേണ്ടകാര്യങ്ങൾ ചെയ്യണം. പുറത്തെടുക്കുന്ന ശിശുവിന് ജീവനുണ്ടെങ്കിൽ പൂർണതോതിലുള്ള മെഡിക്കൽ സപ്പോർട്ട് ആശുപത്രി അധികൃതർ നൽകണം. ഹർജിക്കാർക്ക് ഇതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ലെങ്കിൽ സർക്കാരും, കുട്ടികളുമായി ബന്ധപ്പെട്ട ഏജൻസിയും ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും കോടതി വ്യക്തമാക്കി.

അങ്ങേയറ്റം നിർഭാഗ്യകരമായ സംഭവമാണിതെന്ന് ഹൈക്കോടതി പറഞ്ഞു. പിതാവാണ് പീഡിപ്പിച്ചതെന്ന ആരോപണം സത്യമാണെങ്കിൽ സമൂഹമൊന്നാകെ ലജ്ജിച്ച് തലതാഴ്‌ത്തേണ്ട സാഹചര്യമാണ്. നമ്മുടെ നിയമസംവിധാനം പ്രതിക്ക് നിയമപരമായി ഉചിതമായ ശിക്ഷ നൽകുമെന്ന് ഉറപ്പുണ്ടെന്നും വ്യക്തമാക്കി.