
കോലഞ്ചേരി: ഗുണ്ടകളുണ്ടോ... ഗുണ്ട... കഴിഞ്ഞ ഒരു മാസത്തിലധികമായി ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ പൊലീസുകാർ ഗുണ്ടകളെ തേടി നെട്ടോട്ടം പായുകയാണ്. ഒരു സ്റ്റേഷൻ അതിർത്തിയിലെ 3 ഗുണ്ടകളെ കണ്ടെത്താനായിരുന്നു ആദ്യം മേലധികാരികളുടെ നിർദ്ദേശം. പിന്നീട് മൂന്ന് 5 ആയി, 8 ആയി, ഇപ്പോൾ 10 പേരെയാണ് കണ്ടെത്തേണ്ടത്. ഇതോടെ ഗുണ്ടകളെ തേടി പൊലീസുകാർ തലങ്ങും വിലങ്ങും പാച്ചിലായി.
ലിസ്റ്റിൽ പത്ത് തികയാത്തവർ ഒന്നിലധികം കേസിൽപ്പെട്ടവരെ വരെ ഗുണ്ടയാക്കി ലിസ്റ്റ് നൽകി കഴിഞ്ഞു. ഇതിൽ പലരും കേസൊക്കെ കഴിഞ്ഞ് സ്വസ്ഥമായി കുടുംബജീവിതം നയിക്കുന്നവരുമാണ്. ലിസ്റ്റിലുള്ളവരുടെ വീട്ടിൽ രാത്രി പട്രോളിംഗ് സംഘമെത്തി അവർ വീട്ടിലുണ്ടോയെന്ന് പരിശോധിച്ച് വീടിനു മുന്നിൽ അവരെ നിർത്തി ഫോട്ടോയെടുത്ത് രാത്രി തന്നെ ഉന്നത ഉദ്യോഗസ്ഥർക്ക് അയച്ച് നൽകണം. ദിനം പ്രതി ഫോട്ടോയെടുപ്പ് തുടർന്നതോടെ ഗുണ്ടാപ്പണി നിർത്തിയവനും ഗുണ്ടയായി മാറുന്ന സ്ഥിതിയിലായെന്ന് പൊലീസുകാർ പറയുന്നു. സിവിൽ പൊലീസ് ഓഫീസർമാരാണ് ഇതിൽ ഏറെ കഷ്ടപ്പെടുന്നത്. സ്ഥരം വീട്ടിൽ ചെല്ലുന്നതോടെ പല മുൻ ഗുണ്ടകളുടെയും നോട്ടപ്പുള്ളികളായും ഇവർ മാറിക്കഴിഞ്ഞു. നിലവിൽ അതിർത്തി തർക്കത്തിൽ പെട്ട് രണ്ടു കേസുള്ളവരെ വരെ ഗുണ്ടയാക്കിയാണ് പലരും പത്ത് തികച്ചിരിക്കുന്നത്. 10 പേരുടെ ലിസ്റ്റ് കഴിഞ്ഞ ദിവസം കൊടുത്ത ആശ്വാസത്തിൽ നിൽക്കുകയാണ്. ഇനി അടുത്ത 10 ചോദിച്ചാൽ പെറ്റിക്കേസിൽ പെട്ടവരെ വരെ ഗുണ്ടയാക്കേണ്ടി വരുമെന്നാണ് ഇവർ പറയുന്നത്. ഓരോ മേലധികാരിയും പുതിയ പദ്ധതികൾ ആവിഷ്‌കരിച്ച് പൊലീസുകാരുടെ തലയിൽ വച്ചുകൊടുക്കുകയാണ്. പദ്ധതികൾ കൂടുന്നതിനൊപ്പം പൊലീസ് സേനയിലെ അംഗങ്ങളുടെ എണ്ണം കൂടുന്നില്ലെന്നതാണ് ഇവരുടെ പരാതി. കേസന്വേഷണവും പട്രോളിംഗും ഒക്കെ വിട്ടു പദ്ധതികളുടെ പിന്നാലെ പോകേണ്ടിവരുമ്പോൾ സ്റ്റേഷൻ പ്രവർത്തനം പാടെ താളം തെറ്റുകയുമാണ്.
2007ൽ കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (കാപ്പ ആക്ട്) പ്രകാരമുള്ളതാണ് നടപടിയെന്നാണ് പൊലീസ് പറയുന്നത്. കാപ്പയിൽ മൂന്നു കേസുകളിൽ കൂടുതലുള്ളവരെയാണ് അകത്തിടുന്നത്. ഇതിനായി ജില്ലാ പൊലീസ് മേധാവിയാണു കളക്ടർക്കു പട്ടിക സമർപ്പിക്കേണ്ടത്. പട്ടിക പരിശോധിച്ച് കളക്ടറാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. ഗുണ്ട എന്ന പദത്തെക്കുറിച്ച് 'കാപ്പ'യിൽ വ്യക്തമായി നിർവചിച്ചിട്ടുണ്ട്. ''ഏതെങ്കിലും സാമൂഹ്യ വിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുകയോ, പ്രത്യക്ഷമായോ പരോക്ഷമായോ പൊതുവ്യവസ്ഥയുടെ പരിപാലനത്തിനു ഹാനികരമാകുന്ന നിയമവിരുദ്ധ പ്രവൃത്തികൾ പ്രോത്സാഹിപ്പിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്ന ആൾ.'' എന്നാണ് പറയുന്നത്. ഇപ്പോൾ കൊടുത്ത ഗുണ്ടാലിസ്റ്റ് ഇതുമായി പുലബന്ധം പോലും ഇല്ലാത്തതാണെന്ന് പൊലീസുകാർ തന്നെ സമ്മതിക്കുന്നു.
.