നെടുമ്പാശേരി: ചെങ്ങമനാട് ഗ്രാമപഞ്ചായത്തിൽ കാർഷികവികസനം, ലൈഫ് ഭവൻ, സൗരോർജ്ജ പദ്ധതി എന്നിവയ്ക്ക് മുൻഗണന നൽകുന്ന വാർഷിക ബഡ്ജറ്റ് അവതരിപ്പിച്ചു. ലൈഫ് ഭവന പദ്ധതികൾക്ക് 2.42 കോടി വകകൊള്ളിച്ചു. കാർഷികമേഖലയുടെ ഉന്നമനത്തിന് 36 ലക്ഷം നീക്കിവച്ചു. ദാരിദ്ര്യലഘൂകരണത്തിനും തൊഴിലുറപ്പ് പദ്ധതികൾക്കുമായി 2.75 കോടി, റോഡ് നിർമ്മാണത്തിന് 86 ലക്ഷം, അറ്റകുറ്റപ്പണികൾക്ക് 1.76 കോടി, സൗരോർജ്ജ പദ്ധതിക്ക് 10 ലക്ഷം, അങ്കണവാടികളിൽ പോഷകാഹാരം നൽകുന്നതിന് അരക്കോടി, കുടിവെള്ളത്തിന് 42 ലക്ഷം, പൊതുശുചിത്വം, മാലിന്യ നിർമ്മാർജ്ജനം എന്നിവയ്ക്ക് 46 ലക്ഷം എന്നിങ്ങനെ ചെലവഴിക്കും. അതിദരിദ്രർക്കുള്ള സഹായ പദ്ധതിക്കും10 ലക്ഷം ബഡ്‌ജറ്റിൽ വക കൊള്ളിച്ചിട്ടുണ്ട്. വൈദ്യുതീകരണത്തിനും വഴിവിളക്കുകൾ സ്ഥാപിക്കുന്നതിനും 31 ലക്ഷം, ദുരന്തനിവാരണം, പകർച്ചവ്യാധി എന്നിവയ്ക്ക് 17 ലക്ഷം, പട്ടികജാതി ക്ഷേമത്തിന് 19 ലക്ഷം, വയോധികരുടെ ക്ഷേമത്തിന് 15 ലക്ഷം, വനിതാക്ഷേമത്തിന് 11 ലക്ഷം എന്നിങ്ങനെ വകയിരുത്തി. വൈസ് പ്രസിഡന്റ് ഷാജൻ എബ്രഹാം ബഡ്ജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് സെബ മുഹമ്മദലി അദ്ധ്യക്ഷനായി.