പറവൂർ: അഞ്ചുവർഷം മുമ്പ് പറവൂർ നഗരത്തിൽ സ്ഥാപിച്ച 24 സി.സി ടി.വി കാമറകൾ പ്രവർത്തിക്കാതായിട്ട് ഒന്നര വർഷത്തിലധികമായി. കാമറകൾ പുന:സ്ഥാപിക്കാൻ പി.ഡബ്യു.ഡി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പറവൂർ താലൂക്ക് വികസന സമിതിയോഗം ആവശ്യപ്പെട്ടു. കാമറകളുടെ പ്രവർത്തനം നിലച്ചതോടെ കുറ്റകൃത്യങ്ങളോ അപകടങ്ങളോ ഉണ്ടായാൽ സ്വകാര്യസ്ഥാപനങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കാമറകൾ തേടിപ്പോകേണ്ട ഗതികേടിലാണ് പൊലീസ്. നഗരത്തിലെ ഗതാഗത നിയമലംഘനം, മാലിന്യംതള്ളൽ, കുറ്റകൃത്യങ്ങൾ എന്നിവ കണ്ടുപിടിക്കാനാണ് കാമറകൾ സ്ഥാപിച്ചത്. കാമറകളുടെ നിയന്ത്രണം സർക്കിൾ ഇൻസ്പെക്ടർ ഓഫീസിലെ ഒന്നാം നിലയിലായിരുന്നു. ദൃശ്യങ്ങൾ ലഭിക്കുന്നതിനും സൂക്ഷിച്ചുവയ്ക്കുന്നതിനും മോണിറ്ററുകളും ഹാർഡ്‌ഡിസ്കും സ്ഥാപിച്ചിരുന്നു. സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥനെ ഇതിനായി നിയമിക്കുകയും ചെയ്തിരുന്നു. കാമറകളുടെ പ്രവർത്തനം നിലച്ചതോടെ പൊലീസ് ഉദ്യോഗസ്ഥനെ മറ്റ് ഡ്യൂട്ടിയിലേക്ക് മാറ്റി.
പൊതുമരാമത്ത് വകുപ്പ് ഇലക്ട്രോണിക്സ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ പള്ളിത്താഴം, ചേന്ദമംഗലം കവല, താലൂക്ക് ആശുപത്രി, സ്വകാര്യ ബസ് സ്റ്റാൻഡ്, കച്ചേരിമൈതാനം, നമ്പൂരിയച്ചൽ ആൽ, അമ്മൻകോവിൽ, മുനിസിപ്പൽ കവല, കണ്ണൻകുളങ്ങര, മാർക്കറ്റ്, കെ.എം.കെ കവല, തെക്കേനാലുവഴി, പുല്ലംകുളം, വഴിക്കുളങ്ങര തുടങ്ങിയ സ്ഥലങ്ങളിലാണ് കാമറകൾ സ്ഥാപിച്ചത്. 25 ലക്ഷം രൂപയോളം ഇതിന് ചെലവിട്ടിരുന്നു.