 
ആലുവ: മാക്‌സ് ഫിറ്റ് ഇന്ത്യ സംഘടിപ്പിച്ച ഓപ്പൺ മീറ്റ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ആലുവ സ്വദേശി ജോസ് മാവേലി മൂന്ന് മെഡലുകൾ നേടി കേരളത്തിന്റെ അഭിമാനമായി. മഹാരാഷ്ട്ര ബഡ്‌ലപ്പൂർ തലുങ്ക ക്രിടശങ്കൽ സ്റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻഷിപ്പിലാണ് ജോസ് മാവേലി മെഡലുകൾ നേടിയത്. 400 മീറ്ററിൽ ഒന്നാം സ്ഥാനവും (77.03 സെക്കന്റ്) 100 മീറ്ററിലും (14.71 സെക്കന്റ്) 60 മീറ്ററിലും (8.35 സെക്കന്റ്) രണ്ടാം സ്ഥാനവുമാണ് 70+ വിഭാഗത്തിൽ മത്സരിച്ച ജോസ് മാവേലിക്ക് ലഭിച്ചത്.
2004ൽ തായ്‌ലാൻഡിൽ നടന്ന ഏഷ്യൻമീറ്റിൽ ഏഷ്യയിലെ ഏറ്റവും വേഗതയേറിയ വെറ്ററൻ ഓട്ടക്കാരൻ എന്ന പദവിനേടി ഏഷ്യൻ ചാമ്പ്യനായിട്ടുണ്ട്. 2020ലെ നാഷണൽ മീറ്റിൽ ഇന്ത്യയിലെ വേഗതയുള്ള വെറ്ററൻ ഓട്ടക്കാരനെന്ന ബഹുമതി നേടുകയും ദേശീയ ചാമ്പ്യനാകുകയും ചെയ്ത ജോസ് മാവേലി കഴിഞ്ഞ നവംബറിൽ കേരളത്തിനുവേണ്ടി രണ്ട് വീതം സ്വർണവും വെള്ളിയും നേടി. 2019ൽ യുണൈറ്റഡ് നാഷണൽ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ച ജോസ് മാവേലി 100, 200, 400 മീറ്റർ ഓട്ടത്തിൽ സ്വർണമെഡലുകൾ നേടി. 2011ൽ നാഷണൽ മാസ്റ്റേഴ്‌സ് മീറ്റിൽ 100, 200 മീറ്റർ ഓട്ടത്തിലും 300 മീറ്റർ ഹർഡിൽസിലും സ്വർണം നേടി. മുമ്പ് രണ്ട് തവണ ദേശീയ ചാമ്പ്യനായിട്ടുണ്ട്.
തെരുവിൽ അലയുന്ന കുട്ടികൾക്കുവേണ്ടി 1996ൽ തുടങ്ങിയ ആലുവ ജനസേവ ശിശുഭവന്റെ സ്ഥാപകനും മുൻ ചെയർമാനുമാണ്. 2008ൽ കുട്ടികളിലെ കായിക പ്രതിഭ വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ജനസേവ സ്‌പോർട്‌സ് അക്കാദമി സ്ഥാപിച്ചു.