
തൃക്കാക്കര: സർക്കാരിന്റെ പദ്ധതികൾ വളരെ വേഗത്തിൽ നടപ്പിലാക്കുന്നത്തിൽ അക്ഷയ കേന്ദ്രങ്ങളുടെ പങ്ക് വിലമതിക്കാനാവാത്തതാണെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. വ്യാജ ജനസേവന കേന്ദ്രങ്ങൾ നിർത്തലാക്കുക, സേവന നിരക്കുകൾ വർദ്ധിപ്പിക്കുക, വെള്ളപ്പൊക്കത്തിൽ നാശ നഷ്ടം സംഭവിച്ച അക്ഷയ സെന്ററുകൾക്കുള്ള ധനസഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അക്ഷയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന കളക്ടറേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്ഷയയ്ക്ക് വേണ്ടി ഡയറക്ടറും സംവിധാനങ്ങളും ഉള്ളപ്പോൾ വ്യാജകേന്ദ്രങ്ങൾ വളർന്നുവന്നത് സർക്കാരിന്റെ കഴിവുകേടാണെന്ന് അദ്ദേഹം പറഞ്ഞു. സാജു കെ.എൻ. അദ്ധ്യക്ഷത വഹിച്ചു. വിജു,സണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.