
കൊച്ചി: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫംഗങ്ങൾക്ക് പെൻഷൻ ഉൾപ്പെടെ ആനുകൂല്യങ്ങൾ നൽകുന്നത് ചോദ്യംചെയ്ത് ഒറ്റപ്പാലം സ്വദേശി ദിനേശ് മേനോൻ നൽകിയ ഹർജിയിൽ സർക്കാരിന് നോട്ടീസ്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുടെ പേഴ്‌സണൽ സെക്രട്ടറിമാർക്ക് പ്രത്യേക ദൂതൻ മുഖേന നോട്ടീസ് നൽകാനും ഹൈക്കോടതി നിർദ്ദേശിച്ചു. തുടർന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവർ ഉൾപ്പെട്ട ഡിവിഷൻബെഞ്ച് ഹർജി സമാനവിഷയത്തിലുള്ള മറ്റ് ഹർജികൾക്കൊപ്പം പരിഗണിക്കാൻ മാറ്റി. ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ അഡ്വക്കേറ്റ് ജനറൽ സർക്കാരിനുവേണ്ടി ഹാജരാകുമെന്നും ഇതിനായി മറ്റു ഹർജികൾക്കൊപ്പം പരിഗണിക്കാൻ മാറ്റണമെന്നും സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു.