
കൊച്ചി: ജില്ലാ കളക്ടറുടെ എറണാകുളം ക്ളബ്ബ് റോഡിലെ ക്യാമ്പ് ഓഫീസ് വീണ്ടും തുറന്നു. കളക്ടർ ബംഗ്ളാവിന്റെ ഭാഗമായ ക്യാമ്പ് ഓഫീസ് അഞ്ച് വർഷത്തിലേറെയായി പ്രവർത്തിച്ചിരുന്നില്ല.
2016ൽ മുഹമ്മദ് വൈ. സഫീറുള്ള കളക്ടറായ ശേഷം അദ്ദേഹം വൈകിയും കാക്കനാട്ടെ കളക്ടറേറ്റിൽ തുടരുന്നതിനാൽ ഒൗദ്യോഗിക വസതിയിൽ സന്ദർശകരെ പൊതുവേ സ്വീകരിച്ചിരുന്നില്ല. പിന്നീട് ഒൗദ്യോഗിക വസതി പൊളിച്ചുമാറ്റി പുനർനിർമ്മിച്ച ശേഷം എസ്.സുഹാസ് കളക്ടറായപ്പോൾ അത്യാവശ്യത്തിന് മാത്രം ക്യാമ്പ് ഓഫീസ് പ്രവർത്തിച്ചു.
ഒത്തുതീർപ്പുചർച്ചകളും മറ്റുമായി അർദ്ധരാത്രികളിലും പുലർച്ചെ വരെയും ക്യാമ്പ് ഓഫീസ് സജീവമായിരുന്നു. കഴിഞ്ഞ ദിവസം വടുതല ബണ്ട് പ്രശ്‌നത്തിലിടപെടുന്ന സ്വാസ് (സോഷ്യൽ വെൽഫെയർ ആക്ഷൻ അലയൻസ് സൊസൈറ്റി) സംഘടനാ അംഗങ്ങൾ മന്ത്രി പി. രാജീവിന്റെ നിർദേശ പ്രകാരം കളക്ടർ ജാഫർ മാലികിനെ കാണാനെത്തിയതിനെ തുടർന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയതാണ് വീണ്ടും ക്യാമ്പ് ഓഫീസ് തുറക്കുന്നത്.
ക്യാമ്പ് ഓഫീസിൽ കളക്ടർ ഇല്ലെങ്കിൽ പരാതികളും നിവേദനങ്ങളും സ്വീകരിച്ച് രസീത് നൽകണമെങ്കിലും അതും ചെയ്തിരുന്നില്ല. ഇന്നലെ സ്വാസ് അംഗത്തിന് കളക്ടറുടെ നേരിട്ടുള്ള വിളിയെത്തി. ഓഫീസ് പ്രവർത്തിക്കുന്നുണ്ടെന്നും കൊവിഡായതിനാൽ നിയന്ത്രണം ഉണ്ടായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
അടഞ്ഞ ഗേറ്റ് തുറന്നു..
നാളുകളായി അടഞ്ഞുകിടന്ന ക്യാമ്പ് ഓഫീസിന്റെ ഗേറ്റ് ഇന്നലെ മുതൽ തുറന്നു. കൊവിഡ് ആരംഭ സമയത്ത് എസ്. സുഹാസായിരുന്നു ജില്ലാ കളക്ടർ. സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ശക്തമായ സമയത്ത് തന്നെ ക്യാമ്പ് ഓഫീസും അടച്ചിരുന്നു. നിയന്ത്രണങ്ങൾ നീക്കിയപ്പോഴും ക്യാമ്പ് ഓഫീസിന്റെ ഗേറ്റ് അടഞ്ഞു തന്നെ കിടക്കുകയായിരുന്നു.
ജനങ്ങൾക്കായി തുറന്ന ക്യാമ്പ് ഓഫീസ്
നഗരത്തിൽ നിന്ന് കളക്ടറേറ്റ് കാക്കനാട്ടേക്ക് മാറ്റിയ സമയത്താണ് കളക്ടറുടെ ഔദ്യോഗിക വസതിയോടു ചേർന്ന് ക്യാമ്പ് ഓഫീസ് തുറന്നത്. വൈകുന്നേരങ്ങളിൽ പൊതു ജനങ്ങൾക്ക് കളക്ടറെ നേരിൽ കാണാനുള്ള സൗകര്യവും ഉണ്ടായിരുന്നു.