p

കൊച്ചി: തൂമഞ്ഞുപോലെയുള്ള രോമങ്ങൾ ചീകിമിനുക്കി... മുഖത്തേക്ക് ഇടതൂർന്ന് കിടന്നവ ബാൻഡുപയോഗിച്ച് കെട്ടിയൊതുക്കി, നഖങ്ങൾ വെട്ടിയൊതുക്കി. പളുങ്കുപോലെ തിളങ്ങുന്ന മിഴികൾ തുടച്ചു.

ഷിറ്റ്സു വംശത്തിലെ ഒന്നരവയസുകാരി ഫ്ളോക്കിയെന്ന നായ്ക്കുട്ടി ബ്യൂട്ടി പാർലറിൽ അനുസരണയോടെ തല നീട്ടിവച്ച് കിടക്കുകയാണ്.

എറണാകുളം കടവന്ത്രയിലെ റോംസ് ആൻഡ് റാക്‌സി​ലെ അരുമകൾക്ക് വേണ്ടിയുള്ള ശീതീകരിച്ച ബ്യൂട്ടി പാർലറിലാണ് ഈ കൗതുകക്കാഴ്ച. അരുമ മൃഗങ്ങൾക്ക് വേണ്ടിയായതിനാൽ `ഗ്രൂമിംഗ് സെന്റർ' എന്ന് വിളിപ്പേര്.

പൂച്ചകളെയും ഇങ്ങനെ അണിയിച്ചൊരുക്കും. അരുമകളെ ഷാമ്പൂവും കണ്ടീഷനറുമിട്ട് കുളിപ്പിച്ച് സുഗന്ധദ്രവ്യങ്ങൾ പൂശി സുന്ദരൻമാരും സുന്ദരികളുമായി തിരിച്ചുകൊണ്ടുപോകാം. നാലു മണിക്കൂർ വരെ നീണ്ട ജോലി ആയതിനാൽ പരമാവധി അഞ്ചെണ്ണത്തിനെ മാത്രമേ ഒരു ദിവസം പരിചരിക്കാൻ കഴിയൂ. ജടപിടിച്ച മുടി നേരെയാക്കാൻ പത്തുമണിക്കൂറോളം വേണ്ടിവരും.

ഓരോ ഇനം നായയുടെയും ദേഹപ്രകൃതിക്ക് അനുസരിച്ചാണ് സൗന്ദര്യപരിചരണം. പപ്പിക്കട്ട്, ടെഡിബെയർ കട്ട് എന്നിങ്ങനെ ഹെയർസ്റ്റൈലുകളുണ്ട്.

 Rs .800-3800

ഓരോ നായയുടെയും ഇനം അനുസരിച്ച് പരിചരണത്തിന് 800 മുതൽ 3800 രൂപവരെയാകും. സെന്റ് ബർണാഡ്, ലാബ്രഡോർ, ജർമ്മൻ ഷെപ്പേർഡ് പോലെ വലിയ ഇനം നായ്ക്കൾക്കാണ് നിരക്ക് കൂടുതൽ. സാധാരണ നായ്ക്കൾക്ക് 800 - 1400 രൂപ വരെയാണ് നിരക്ക്.

`2016ൽ ഇടപ്പള്ളിയിൽ ആദ്യ ബ്യൂട്ടി പാർലർ അരുമകൾക്കായി തുറന്നു. സംസ്ഥാനത്തൊട്ടാകെ ആയിരത്തോളം ഗ്രൂമിംഗ് കേന്ദ്രങ്ങൾ പല വ്യക്തികളായി നടത്തുന്നുണ്ട്. '

- തരുൺ ലീ ജോസ്, ഡയറക്‌ടർ,

റോംസ് ആൻഡ് റാക്സ്

പെറ്റ് സ്റ്റോർ ആൻഡ്

ഗ്രൂമിംഗ് പാർലർ, കൊച്ചി