കൊച്ചി: വീട് കുത്തിപ്പൊളിച്ച് 14 പവൻ സ്വർണം കവർന്ന തമിഴ്നാട് സ്വദേശിയെ ഹിൽപാലസ് പൊലീസ് അറസ്റ്റുചെയ്തു. തിരുനൽവേലി പടനവലി ചത്രത്തിൽ താമസിക്കുന്ന അയ്യപ്പനാണ് (38) പിടിയിലായത്. തൃപ്പൂണിത്തുറ ഇളമനറോഡിൽ വർമ്മനിവാസിൽ തിലക് വർമ്മയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബംഗളൂരു സ്വദേശി ആനന്ദ ഹെഡ്ഗയുടെ ഭാര്യ വിജയലക്ഷ്മിയുടെ സ്വർണമാണ് കവർന്നത്. കഴിഞ്ഞ 17ന് ആയിരുന്നു സംഭവം. പകൽ സമയത്തായിരുന്നു മോഷണം. സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജുവിന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ വി.യു. കുര്യാക്കോസിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് അയ്യപ്പനെന്ന് പൊലീസ് അറിയിച്ചു.