കൊച്ചി: സംസ്ഥാനത്തെ മുഴുവൻ സമുദായങ്ങൾക്കും സ്വീകാര്യനായ വ്യക്തിയായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് മുസ്ളീംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ളീംലീഗ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സയ്യിദ് ഹൈദരലി തങ്ങൾ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ ഐക്യവും സന്തോഷവും സൗഹൃദവും വളർത്താൻ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും ഹൈദരലി തങ്ങളുടെ ഇടപെടലുകൾക്ക് കഴിഞ്ഞു. ഒരുപാട് മാതൃകകൾ അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. താനാണ് ലോകത്തിലെ ഏറ്റവും എളിയ ആളെന്നും വിശ്വസിച്ചു. പാണക്കാട്ടേക്ക് ഒഴുകിയെത്തിയ ജനം അദ്ദേഹത്തോടുള്ള സ്‌നേഹത്തിനും ആദരവിനും ഉത്തമ ഉദാഹരണമായിരുന്നു. സമൂഹത്തിന് മൊത്തത്തിലുള്ള നഷ്ടമാണ് ഹൈദരലി തങ്ങളുടെ വിയോഗമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ളീംലീഗ് ജില്ലാ പ്രസിഡന്റ് കെ.എം. അബ്ദുൽ മജീദ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി പാറക്കാട്ട് ഹംസ, മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എം. രാമചന്ദ്രൻ, ഹൈബി ഈഡൻ എം.പി, അനൂപ് ജേക്കബ് എം.എൽ.എ, മേയർ അഡ്വ. അനിൽകുമാർ, അഡ്വ.എ. ജയശങ്കർ, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ, സി.പി.എം ജില്ലാ കമ്മിറ്റി അംഗം ജോൺ ഫെർണാണ്ടസ്, അഡ്വ. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എം.ഇ.എസ് ജില്ലാ നേതാവ് കെ.എം. അബ്ബാസ്, എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ എന്നിവർ സംസാരിച്ചു.